ഇങ്ങനെ പോയാൽ ഇവർ പിണറായി വിജയന്റെ പേരിൽ അമ്പലം ഉണ്ടാക്കും; രൂക്ഷ വിമർശനവുമായി അഡ്വ. ഹരീഷ് വാസുദേവൻ

പാർടി തിരുവാതിരയിലെ പിണറായി സ്തുതി അശ്ലീലമാണെന്നും ഇങ്ങനെ പോയാൽ സ്തുതി പാഠകർ അധികം വൈകാതെ പിണറായി വിജയന് അമ്പലം പണിയുമെന്നും പ്രമുഖ അഭിഭാഷകൻ അഡ്വക്കറ്റ് ഹരീഷ് വാസുദേവൻ. സി പി ഐ എം എന്ന പാർടി മുമ്പെങ്ങുമില്ലാത്തവിധം വ്യക്തികളിലേക്ക് ചുരുങ്ങിയെന്നും നേതാക്കളെ പ്രീണിപ്പിക്കാൻ നടുവളഞ്ഞും കുനിഞ്ഞുനിന്നും എന്തും ചെയ്തുകൊടുക്കുക എന്നത് പാർടിക്കുള്ളിലെ ശൈലിയായി മാറിയെന്നും ഹരീഷ് കുറ്റപ്പെടുത്തി.

കോടിയേരിയോ പിണറായിയോ പറഞ്ഞിട്ടാണ് ഇമ്മാതിരി അശ്ലീല തിരുവാതിര നടക്കുന്നതെന്ന് കരുതാൻ വയ്യെന്ന് ഹരീഷ് പറഞ്ഞു. അവർ അറിഞ്ഞാൽ ചിലപ്പോൾ സമ്മതിക്കുകയും ഇല്ലായിരിക്കാം. പക്ഷേ, അതല്ല പ്രശ്നം. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്ന ആർക്കും അതിൽ അശ്ലീലം തോന്നിയില്ല എന്നതാണ്. അഥവാ തോന്നിയാൽത്തന്നെ നേതാക്കൾക്ക് ഇഷ്ടപ്പെട്ടാൽ ഗുഡ് ബുക്കിൽ കയറാമല്ലോ എന്നു കരുതിയാവും ചെയ്തത്.

ആരാധിക്കുന്നവർക്ക് സ്ഥാനക്കയറ്റവും വെറുതെ ബഹുമാനിക്കുന്നവർക്ക് പരിഗണനക്കുറവും തുല്യരായി കാണുന്നവർക്ക് ഒതുക്കലും ആണ് കിട്ടുന്നതെങ്കിൽ ആ നേതൃത്വത്തിന്റെ മനസ്സറിഞ്ഞാവും അണികളുടെ പ്രവൃത്തി. ഒരാളെ ബഹുമാനിക്കുന്നതും ആരാധിക്കുന്നതും രണ്ടാണെന്നും ആരാധന യുക്തിരഹിതമാണെന്നും വ്യക്തിപൂജ അശ്ലീലമാണെന്നും ഹരീഷ് പറഞ്ഞു.

പൊളിറ്റ് ബ്യൂറോ നടക്കുന്ന ഡൽഹി ഓഫീസിൽ പോയ പഴയകാല അനുഭവം അദ്ദേഹം പങ്കുവെച്ചു. പ്രകാശ് കാരാട്ടിനെ കാണാനാണ് പോയത്. അവിടത്തെ ഓഫീസ് തുടയ്ക്കുന്ന ജോലിക്കാരൻ തന്നോട് ഇംഗ്ലീഷിൽ പറഞ്ഞത്, "സഖാവ് പ്രകാശ് വരും, ഇരിക്കൂ" എന്നാണ്. സഖാക്കളെ തുല്യരായിട്ടു കാണാനാണ് പ്രകാശ് കാരാട്ടായാലും ബ്രിന്ദയായാലും യെച്ചൂരിയായാലും കൂടെയുള്ളവരെ ശീലിപ്പിക്കുന്നത്. അതൊരു സംസ്കാരമാണെന്നും ഹരീഷ് കൂട്ടിച്ചേർത്തു.

Related Posts