എയര്‍ ഇന്ത്യ ഇനി ടാറ്റയുടേത്; നടപടികള്‍ പൂര്‍ത്തിയായി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റ സണ്‍സിനു കൈമാറുന്ന നടപടി പൂര്‍ത്തിയായി. നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനു മുന്നോടിയായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ ഒക്ടോബറില്‍ എയര്‍ ഇന്ത്യയുടെ ലേല നടപടികളില്‍ 18,000 കോടി രൂപയുടെ ടെന്‍ഡര്‍ സമര്‍പ്പിച്ചാണ് ടാറ്റ എയര്‍ ഇന്ത്യ സ്വന്തമാക്കിയത്. കനത്ത കടബാധ്യതയെതുടര്‍ന്ന് എയര്‍ ഇന്ത്യയെ വിറ്റൊഴിയാന്‍ സര്‍ക്കാര്‍ പലതവണ നടത്തിയ ശ്രമത്തിനൊടുവിലാണ് 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാന്‍ തയ്യാറായത്.
എയര്‍ ഇന്ത്യ എക്പ്രസിനൊപ്പം എയര്‍ ഇന്ത്യയുടെ 100ശതമാനം ഓഹരികളും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയായ എയര്‍ ഇന്ത്യാ സ്റ്റാറ്റ്‌സിന്റെ 50ശതമാനം ഓഹരികളുമാണ് ടാറ്റയ്ക്ക് ലഭിക്കുക. ഇതോടെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയര്‍ലൈനുകള്‍ ടാറ്റ ഗ്രൂപ്പിനു കീഴിലായി.
കമ്പനിയുടെ ജനുവരി 20 വരെയുള്ള അന്തിമ വരവുചെലവ് കണക്കുകള്‍ കഴിഞ്ഞ തിങ്കളാഴ്ച എയര്‍ ഇന്ത്യ ടാറ്റയ്ക്കു കൈമാറിയിരുന്നു. പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന, സേവന നിലവാരം മെച്ചപ്പെടുത്താന്‍ 100 ദിവസത്തെ പദ്ധതിയും ടാറ്റ ഗ്രൂപ്പ് തയ്യാറാക്കുന്നുണ്ട്.