സിൽവർ ലൈൻ വിരുദ്ധ സമരം കേരളത്തിൻ്റെ രാഷ്ട്രീയസമര ചരിത്രത്തിൽ പുതിയ അധ്യായമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
സിൽവർ ലൈൻ വിരുദ്ധ സമരം കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സില്‍വര്‍ ലൈന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള ഉജ്വലമായ ജനകീയ പ്രക്ഷോഭമാണ് ഉയര്‍ന്നു വരുന്നത്. പ്രതിപക്ഷം പറഞ്ഞത് ശരിയെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ജനകീയമായ ചെറുത്തു നിൽപ്പുകൾ ആരംഭിച്ചത്. അത്തരം പ്രതിരോധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താം എന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എല്ലാ ക്രൂരതകളേയും ഈ സമരം അതിജീവിക്കും.
സില്‍വര്‍ ലൈന് എതിരെ യു ഡി എഫ് സംഘടിപ്പിക്കുന്ന നൂറ് ജനകീയ സദസുകളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ചെങ്ങന്നൂർ മുളക്കുഴയിൽ നടക്കുമെന്നും ജനകീയ സദസിന് മുഴുവൻ ജനാധിപത്യ വിശ്വാസികളുടേയും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.