ക്രിസ്മസ് അല്ലെങ്കിലും നമുക്കൊരു രഹസ്യ സാന്താ ആയിക്കൂടേ; കരോൾ പാടി നൃത്തം ചെയ്ത് ആരാധ്യ ബച്ചൻ, വൈറലായി വീഡിയോ
ആരാധ്യയെ അറിയാത്തവരായി ആരും തന്നെയില്ല. ബോളിവുഡിലെ ഒന്നാം നമ്പർ താര കുടുംബത്തിലെ ഇളമുറക്കാരി. സാക്ഷാൽ ബിഗ് ബി അമിതാഭ് ബച്ചൻ്റെയും പഴയകാല നായിക ജയാ ബച്ചൻ്റെയും പേരമകൾ. മുൻ ലോക സുന്ദരി ഐശ്വര്യ റായിയുടെയും ഹിന്ദി ചലച്ചിത്ര ലോകത്തെ സൂപ്പർ താരം അഭിഷേക് ബച്ചൻ്റെയും മകൾ.
അമ്മയുടെയും അച്ഛൻ്റെയും അപ്പൂപ്പൻ്റെയും സോഷ്യൽ മീഡിയാ പോസ്റ്റുകളിലൂടെ ആരാധ്യയുടെ വിശേഷങ്ങൾ ലോകം അറിയാറുണ്ട്. ഇപ്പോഴിതാ ആരാധ്യയുടെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. ക്രിസ്മസ് കരോൾ പാടി നൃത്തം ചെയ്യുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ചുവന്ന നിറത്തിലുള്ള ഉടുപ്പും സാന്താക്ലോസ് തൊപ്പിയും ധരിച്ചാണ് കുട്ടി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ക്രിസ്മസ് കാലമല്ലെങ്കിലും നമുക്കെല്ലാം ഒരു സാന്താക്ലോസ് ആവാൻ കഴിയുമെന്ന് വീഡിയോയിൽ ആരാധ്യ പറയുന്നു. ആരും കാണാതെ ആവശ്യമുള്ളവർക്കെല്ലാം സമ്മാനങ്ങൾ നൽകുന്ന ഒരു രഹസ്യ സാന്ത. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് എന്തെങ്കിലും സമ്മാനിക്കാനുള്ള മനോഭാവം നമുക്കുണ്ടാവണം. ക്രിസ്മസ് ആണോ അല്ലയോ എന്നൊന്നും കരുതേണ്ടതില്ല. ക്രിസ്മസിന്റെ ആത്മാവ് എന്നത് വർഷം മുഴുവനും ഒരു രഹസ്യ സാന്താ ആയിരിക്കുന്നതിലാണ്. ക്രിസ്മസ് അല്ലാത്തപ്പോഴും നമുക്ക് ഒരു രഹസ്യ സാന്താ ആകാൻ കഴിയുമോ? ആലോചിച്ചു നോക്കൂ, വീഡിയോയിൽ ആരാധ്യ പറയുന്നു.