സിപിഐഎം പാർട്ടി കോൺഗ്രസിന് തുടക്കം
23-ാം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ തുടക്കമായി. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പതാക ഉയർത്തി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസ് ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും. വൈകിട്ട് നാലിന് രാഷ്‌ട്രീയപ്രമേയം അവതരിപ്പിക്കും. വ്യാഴം രാവിലെ ഒമ്പതിന് പൊതുചർച്ച തുടങ്ങും.
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 812 പേരാണ് പങ്കെടുക്കുന്നത്. ചൊവ്വാഴ്‌ച പൊളിറ്റ്‌ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ ചേർന്ന് പാർട്ടി കോൺഗ്രസിലെ നടപടിക്രമങ്ങൾ അംഗീകരിച്ചു. സമരത്തീച്ചൂളയിൽ പൊരുതിയ അനുഭവവുമായാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ പാർട്ടി കോൺഗ്രസിന് എത്തിയത്.
17 പൊളിറ്റ്‌ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം 812 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ജനകീയാവശ്യങ്ങൾ ഉയർത്തി നടത്തിയ പോരാട്ടങ്ങളിൽ പ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടതും പരിക്കുപറ്റിയതുമടക്കം ഒട്ടനവധി ത്യാഗഗാഥകളാണ് കണ്ണൂരിലെത്തിയവർക്ക് പറയാനുള്ളത്.