ചോരക്കുഞ്ഞിനെ രക്ഷിച്ച് മുംബൈയിലെ പൂച്ചകൾ

മുംബൈ: മുംബൈയിലെ പന്ത്​നഗറിലാണ്​ സംഭവം. മനുഷ്യരേക്കാൾ സ്നേഹവും കരുതലും കാണിക്കാൻ മിണ്ടാപ്രാണികൾക്ക് കഴിയാറുണ്ട് പലപ്പോഴും. തുണിയിൽ പൊതിഞ്ഞു തെരുവിൽ ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ രക്ഷിക്കാൻ ഒരു കൂട്ടം പൂച്ചകൾക്ക് കഴിഞ്ഞു.

തുണിയിൽ പൊതിഞ്ഞ്​ മരണത്തിന്‍റെ വക്കിലെത്തിയ ഒരു ചോര കുഞ്ഞിന്റെ ജീവൻ ആണ് പൂച്ചകൾ കാരണം തിരികെ കിട്ടിയത്.

അഴുക്കുചാലിന്​ സമീപം പൂച്ചകൾ കൂട്ടംകൂടി കരയുന്നത്​ പ്രദേശവാസികളാണ്​ ആദ്യം ശ്രദ്ധിക്കുന്നത്​. പൂച്ചകളുടെ കൂട്ടക്കരച്ചിൽ സംബന്ധിച്ച്​ നാട്ടുകാർ പന്ത്നഗർ പൊലീസ്​ സ്​റ്റേഷനിൽ വിവരം അറിയിച്ചു. സ്​ഥലത്തെത്തിയ പൊലീസാണ്​ തുണിയിൽ പൊതിഞ്ഞ നിലയിൽ ചോര കുഞ്ഞി​നെ കണ്ടെത്തിയത്​.

നഗരത്തിലെ ക്രൈം ഹോട്ട്‌സ്‌പോട്ടുകളിൽ പട്രോളിംഗ് നടത്തുന്ന മുംബൈ പൊലീസിന്‍റെ നിർഭയ സ്‌ക്വാഡ് ആണ്​ സംഭവസ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്​. രാജവാഡിയിലെ ആശുപത്രിയിലെത്തിച്ച കുഞ്ഞ്​ സുഖം പ്രാപിച്ച്​ വരുന്നതായി പൊലീസ്​ അറിയിച്ചു. കുഞ്ഞിനെയും എടുത്ത്​ പൊലീസുകാർ നിൽക്കുന്ന ചിത്രവും മുംബൈ പൊലീസ്​ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്​ ചെയ്​തിട്ടുണ്ട്​. കുഞ്ഞിന്‍റെ മാതാപിതാക്കളെ കുറിച്ചോ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചവരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Posts