ദേശീയപാതയിൽ സിസിടിവി ശൃംഖല തീർക്കും: മന്ത്രി കെ രാജൻ

ഒല്ലൂർ നിയോജക മണ്ഡലത്തിലെ പാലിയേക്കര ടോൾ പ്ലാസ മുതൽ വാണിയംപാറ വരെ ദേശീയപാതയിൽ സിസിടിവി ശൃംഖല തീർക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. നിർമ്മാണം പൂർത്തീകരിച്ച ഒല്ലൂർ പൊലീസ് സ്റ്റേഷൻ ചുറ്റുമതിൽ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ദേശീയപാതയിൽ സിസിടിവി ശൃംഖല രൂപീകരിക്കുന്നതോടെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയും. മണ്ണുത്തി പൊലീസ് സ്റ്റേഷൻ സിസിടിവി ശൃംഖലയുടെ പ്രധാന ഹബ്ബായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

പുത്തൂർ സുവോളജിക്കൽ പാർക്ക് യാഥാർത്ഥ്യമാകുമ്പോൾ വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുകയും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറുകയും ചെയ്യും. ആയതിനാൽ പുത്തൂർ കേന്ദ്രീകരിച്ച് പുതിയ പൊലീസ് സ്റ്റേഷൻ ആരംഭിക്കാനുള്ള നടപടികൾ ഉടൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

2020-21 വർഷത്തെ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒല്ലൂർ പൊലീസ് സ്റ്റേഷൻ ചുറ്റുമതിൽ നിർമ്മിച്ചത്. സ്റ്റേഷൻ പരിസരത്ത് നടന്ന പരിപാടിയിൽ മേയർ എം കെ വർഗീസ് അധ്യക്ഷനായി. തൃശൂർ ജില്ലാ പൊലീസ് മേധാവി ആദിത്യ, കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗ്ഗീസ് കണ്ടംകുളത്തി, ഡിവിഷൻ കൗൺസിലർ കരോളിൻ ജെറീഷ്, സ്പെഷ്യൽ ബ്രാഞ്ച് എ സി പി ഗോപാലകൃഷ്ണൻ, ഒല്ലൂർ എസ് ഐ ബിപിൻ പി നായർ, ഒല്ലൂർ സബ് ഡിവിഷൻ എ സി പി കെ സി സേതു, ഇൻസ്പെക്ടർ ബെന്നി തുടങ്ങിയവർ പങ്കെടുത്തു.

Related Posts