ഇ-ഒപ്പിടാൻ സൗകര്യം; സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണ നടപടികൾ ആരംഭിച്ചു
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ വി.സിക്ക് ഇ-ഒപ്പിടാനുള്ള സൗകര്യം ലഭ്യമാക്കിയതോടെ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. തടഞ്ഞുവച്ച 21 പരീക്ഷകളിൽ ബി.ടെക്., എം.ടെക്., എം.ബി.എ., എം.സി.എ. ഫലവും ബുധനാഴ്ച പ്രസിദ്ധീകരിച്ചു. അതേസമയം വി.സിക്ക് തുടരാമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ ഹർജി നൽകും. വിധി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബിരുദ സർട്ടിഫിക്കറ്റുകൾക്കായുള്ള 8,000 ത്തിലധികം അപേക്ഷകൾ വിസി ഒപ്പിടാത്തതിനാൽ തീരുമാനമായിരുന്നില്ല. വിദേശത്ത് ജോലി ലഭിച്ചവർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ആശങ്കയിലായിരുന്നു. ഇ-സൈൻ ചെയ്യാനുള്ള സൗകര്യം സർവകലാശാല അധികൃതർ വി.സിക്ക് നിഷേധിച്ചതാണ് ഇതിന് കാരണം.