കാറുമായി നഗരത്തിലെത്തിയാൽ 78 ഡോളർ പിഴ; കൊവിഡിനെതിരെ നിയന്ത്രണങ്ങൾ കർക്കശമാക്കി ചൈനീസ് നഗരം

കൊവിഡ് മഹാമാരിക്കെതിരെ രാജ്യം ഇതേവരെ കണ്ടതിൽവെച്ച് ഏറ്റവും കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചൈനീസ് നഗരമായ സിയാൻ. 21 മാസത്തിനിടയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയർന്നതിനെ തുടർന്നാണ് അഭൂതപൂർവമായ നിയന്ത്രണങ്ങൾ നഗരത്തിൽ ഏർപ്പെടുത്തിയത്.

ജനങ്ങൾ കാറുമായി നഗരത്തിലെത്തുന്നത് വിലക്കിയിട്ടുണ്ട്. ലംഘിച്ചാൽ 500 യുവാൻ (78 ഡോളർ) പിഴയൊടുക്കേണ്ടി വരും. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടേതൊഴികെ നഗരത്തിലേക്കുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.

ഷാൻസി പ്രവിശ്യയിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ചൈനീസ് പുതുവത്സര അവധിക്ക് നാട്ടിലേക്ക് പോകരുതെന്ന് നഗരത്തിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളോട് അധികൃതർ അഭ്യർഥിച്ചു. കഴിഞ്ഞയാഴ്ച ലോക്ഡൗൺ ഏർപ്പെടുത്തിയതിനുശേഷം നിരവധി റൗണ്ട് കൂട്ട പരിശോധനകൾ നടന്നുകഴിഞ്ഞു. ഏകദേശം 30,000 പേരെ ക്വാറന്റൈനിൽ ആക്കിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത എല്ലാ കച്ചവട സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഓരോ വീട്ടിലും ഒരാൾക്ക് മാത്രമേ മൂന്നു ദിവസത്തിലൊരിക്കൽ അവശ്യസാധനങ്ങൾ വാങ്ങാനായി പുറത്തുപോകാൻ അനുവാദമുള്ളൂ.

2019 അവസാനത്തോടെ മധ്യ ചൈനീസ് നഗരമായ വുഹാനിലാണ് ലോകത്ത് ആദ്യമായി കൊവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വലിയ തോതിൽ പകർച്ചവ്യാധിയെ പിടിച്ചുകെട്ടിയ രാജ്യങ്ങളിലൊന്നാണ് ചൈന. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് മരണങ്ങൾ മാത്രമാണ് രാജ്യത്ത് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.

Related Posts