ഉത്തരാഖണ്ഡിൽ പാർടിയുടെ മുൻ പ്രസിഡണ്ടിനെ പുറത്താക്കി കോൺഗ്രസ്
ഉത്തരാഖണ്ഡിൽ പാർടിയുടെ മുൻ പ്രസിഡണ്ടായ കിഷോർ ഉപാധ്യായയെ പാർടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ്. പാർടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആറ് വർഷത്തേക്കാണ് നടപടി.
മുന്നറിയിപ്പുകൾ വകവെയ്ക്കാതെ തുടർച്ചയായ പാർടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നും അതിനാൽ ആറ് വർഷത്തേക്ക് പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയാണെന്നും നിലവിൽ പ്രസിഡൻ്റിൻ്റെ ചുമതല വഹിക്കുന്ന ദേവേന്ദർ യാദവ് കിഷോർ ഉപാധ്യായയ്ക്ക് എഴുതിയ കത്തിൽ പറയുന്നു.
ഇന്നലെ പുറത്തിറക്കിയ മൂന്നാമത്തെ സ്ഥാനാർഥി പട്ടികയിലും ഉപാധ്യായയുടെ പേര് ഇല്ലാതായതോടെ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങൾ പരന്നിരുന്നു. തെഹ്‌രി മണ്ഡലത്തിൽ നിന്ന് ഭാരതീയ ജനതാ പാർടി ടിക്കറ്റിൽ അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.