കൊവിഡ് വാക്‌സിനേഷന്‍: ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് അബൂദബിക്ക്
അബുദാബി: ലോകത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് വാക്‌സിനേഷന്‍ നിരക്ക് കരസ്ഥമാക്കി അബൂദബി. 100 ശതമാനത്തിന് അടുത്താണ് അബൂദബിയുടെ വാക്‌സിനേഷന്‍ നിരക്കെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അബൂദബി നടത്തിയ വാക്‌സിനേഷന്‍ പ്രചാരണത്തിലൂടെയാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കോവിഡ് വാക്‌സിനേഷന്‍ നിരക്കായ 100 ശതമാനത്തിനടുത്ത് കൈവരിക്കാനായതെന്ന് ആരോഗ്യവകുപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. -സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താതെ തന്നെ അബൂദബിക്ക് കൊവിഡ് മഹാമാരിയെ നേരിടാനായെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വ്യക്തികളുടെ സുരക്ഷയും ബിസിനസുകളുടെ തുടര്‍ച്ചയും ഉറപ്പുവരുത്തിയായിരുന്നു എമിറേറ്റ് കൊവിഡ് മഹാമാരിയെ നേരിട്ടത്. കൊവിഡ് വാക്‌സിനേഷന്‍ ലോകത്ത് ആദ്യമായി ആരംഭിച്ച രാജ്യങ്ങളിലൊന്നായിരുന്നു യു.എ.ഇ. അബൂദബിയിലെ ആരോഗ്യപരിചരണ സൗകര്യങ്ങളും ഭരണകര്‍ത്താക്കളും കോവിഡ് മഹാമാരിയെ അതിജീവിക്കാന്‍ ഏറെ സഹായിച്ചു. ഇതിലൂടെ കൊവിഡിനെ അതിജീവിച്ച ലോകത്തിലെ നഗരങ്ങളുടെ പട്ടികയില്‍ അബൂദബി ഒന്നാം റാങ്ക് നേടുകയും ചെയ്തിരുന്നു. ലണ്ടന്‍ ആസ്ഥാനമായ ഡീപ് നോളജ് അനലിറ്റിക്‌സ് (ഡി.കെ.എ.) ആയിരുന്നു ഇത്തരമൊരു പട്ടിക പുറത്തുവിട്ടത്. പ്രാദേശികവും അന്തര്‍ദേശീയവുമായ തലങ്ങളില്‍ ആരോഗ്യരംഗത്ത് മാതൃകാപരമായ കൊവിഡ് വിരുദ്ധ പോരാട്ടം നടത്തിയാണ് അബൂദബി നേട്ടങ്ങള്‍ കൈവരിക്കുന്നത്. 2021 ആദ്യപകുതിയില്‍ ഡീപ് നോളജ് അനലിറ്റിക്‌സ് പ്രസിദ്ധീകരിച്ച പട്ടികയിലും അബൂദബി മുന്നിലെത്തിയിരുന്നു. ഇതിനുപിന്നാലെ 28 നഗരങ്ങളുടെ പ്രകടനം കൂടി വിലയിരുത്തി 100 നഗരങ്ങളുടെ പട്ടികയാണ് ഡീപ് നോളജ് അനലിറ്റിക്‌സ് പ്രസിദ്ധീകരിച്ചത്. പ്രതിദിനം അഞ്ചുലക്ഷത്തിലേറെ കൊവിഡ് പരിശോധനകള്‍ നടത്താന്‍ എമിറേറ്റ് സംവിധാനങ്ങളൊരുക്കി. 27 ഡ്രൈവ് ത്രൂ കേന്ദ്രങ്ങളൊരുക്കിയും മറ്റുമാണ് ഈ നേട്ടം കൈവരിച്ചത്.