ഇൻസ്റ്റഗ്രാമിൽ 400 മില്യൺ ഫോളോവേഴ്സ്; ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നതായി ക്രിസ്റ്റ്യാനോ റൊണാൾഡോ
ഇൻസ്റ്റഗ്രാമിൽ ലോകത്ത് ഏറ്റവുമധികം അനുയായികളുളള വ്യക്തിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ. 404 മില്യൺ എന്ന റെക്കോഡ് നമ്പറാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നേടിയിരിക്കുന്നത്. ആരാധകരോട് തൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽനിന്ന് നന്ദി പറയുന്നതായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ താരം പറഞ്ഞു.
30 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോയിൽ അടുത്ത 100, 200 മില്യൺ റെക്കോഡുകൾ മറികടക്കുന്നതിനെപ്പറ്റി താരം പറയുന്നുണ്ട്. 400 മില്യൺ എന്നത് എന്തൊരു നമ്പറാണെന്ന് വലിയ ആഹ്ലാദത്തോടെയാണ് പോർച്ചുഗീസ് താരം അവതരിപ്പിക്കുന്നത്. "ശരിക്കും ഇത് അതിശയകരമാണ്. എന്തൊരു നിമിഷമാണിത്! പ്രിയപ്പെട്ടവരേ, നിങ്ങളില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. അതിനാൽ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് എല്ലാവരോടും നന്ദി പറയുന്നു."
20 വർഷത്തെ കരിയറിൽ റയൽ മാഡ്രിഡ്, യുവന്റസ്, സ്‌പോർടിങ്ങ് ലിസ്ബൺ എന്നിവയ്ക്ക് വേണ്ടിയും റൊണാൾഡോ കളിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ റൊണാൾഡോ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തി അമേരിക്കൻ മോഡലും ടെലിവിഷൻ അവതാരകയുമായ കൈലി ജെന്നർ ആണ്. കൈലിയേക്കാൾ 92 ദശലക്ഷം കൂടുതൽ ഫോളോവേഴ്‌സാണ് റൊണാൾഡോയ്ക്കുള്ളത്.