ജനസംഖ്യയിൽ ബഹുഭൂരിപക്ഷം പേർക്കും ഒമിക്രോൺ ബാധിക്കും, ബൂസ്റ്റർ ഡോസുകൊണ്ട് അതിനെ അകറ്റി നിർത്താൻ ആവില്ല: വിദഗ്ധൻ

രാജ്യത്തെ ബഹുഭൂരിപക്ഷം പേരേയും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിക്കുമെന്നും ബൂസ്റ്റർ ഡോസുകൊണ്ട് അതിനെ അകറ്റി നിർത്താൻ ആവില്ലെന്നും ആരോഗ്യ വിദഗ്ധൻ. ഒരു ദേശീയ ടെലിവിഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രമുഖ എപ്പിഡെമിയോളജിസ്റ്റും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയുടെ സയന്റിഫിക് അഡ്വൈസറി കമ്മിറ്റി ചെയർമാനുമായ ഡോ. ജയപ്രകാശ് മൂളിയിൽ ഒമിക്രോണിന്റെ അതിവ്യാപനശേഷി അപ്രതിരോധ്യമാണെന്ന് അഭിപ്രായപ്പെട്ടത്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളെജിന്റെ മുൻ പ്രിൻസിപ്പൽ കൂടിയാണ് ഡോ. ജയപ്രകാശ്.

കൊവിഡിന്റെ ഒമിക്രോൺ വകഭേദം ഏതാണ്ട് തടയാൻ പറ്റാത്തതാണ്. ഒടുവിൽ എല്ലാവരേയും ഇത് ബാധിക്കും. ബൂസ്റ്റർ ഡോസുകൾ വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനം തടയില്ല. ബൂസ്റ്റർ ഡോസ് എടുത്തതുകൊണ്ട് ഒരു വ്യത്യാസവും ഉണ്ടാകുന്നില്ല. അണുബാധ സംഭവിക്കും. ലോകമെമ്പാടും അത് സംഭവിച്ചു കഴിഞ്ഞു- അദ്ദേഹം പറഞ്ഞു.

എന്നാൽ കൊവിഡ് ഇനിമുതൽ നമ്മെ ഭയപ്പെടുത്തുന്ന ഒരു രോഗമായി തുടരില്ല എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പുതിയ വകഭേദം സൗമ്യവും വളരെ കുറഞ്ഞ ആശുപത്രിവാസത്തിലേക്ക് നയിക്കുന്നതുമാണ്. ഇത് നമുക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു രോഗമായി പരിണമിക്കുകയാണ്. തികച്ചും വ്യത്യസ്തമായ ഒരു വൈറസിനെയാണ് നാമിപ്പോൾ കൈകാര്യം ചെയ്യുന്നത്. ഒമിക്രോൺ ഡൽറ്റയെപ്പോലെ അപകടകാരിയല്ല.

Related Posts