ആക്രമണം ഭയന്ന് അഫ്‌ഗാനിസ്ഥാനിലെ വനിതാ ജഡ്ജിമാരെല്ലാം ഒളിവിൽ
താലിബാൻ അധികാരത്തിലെത്തിയതോടെ അഫ്ഗാനിസ്താനിലെ വനിതാ ജഡ്ജിമാരെല്ലാം ഒളിവിൽ കഴിയുകയാണെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് വനിതാ ജഡ്ജിമാരായിരുന്നവരാണ് തിരിച്ചടികളെ ഭയന്നുവിറച്ച് കഴിയുന്നത്. പലരും നേരത്തേ തന്നെ രാജ്യം വിട്ടിരുന്നു. കുടുംബത്തോടൊപ്പം പോളണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പലായനം ചെയ്തവരുണ്ട്.
താലിബാൻ തിരിച്ചെത്തിയപ്പോൾ 250 ഓളം വരുന്ന വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ടിരുന്നു. താലിബാനെ മാത്രമല്ല, മറിച്ച് തങ്ങൾ ജയിലിൽ അടച്ച കുറ്റവാളികളായ പുരുഷന്മാരുടെ പ്രതികാര നടപടികളെയും ഭയന്നാണ് വനിതാ ജഡ്ജിമാർ ഒളിവിൽ കഴിയുന്നത്. അധികാരത്തിൽ തിരിച്ചെത്തിയ ഉടൻ തന്നെ ആയിരക്കണക്കിന് തടവുകാരെയാണ് താലിബാൻ ഭരണകൂടം ജയിൽ മോചിതരാക്കിയത്. ഇതിൽ കൊടും കുറ്റവാളികളും ഉൾപ്പെടും. ഏതു നിമിഷവും അവരുടെ ഭാഗത്തു നിന്നുള്ള തിരിച്ചടി ഉണ്ടായേക്കാം.
ആഗസ്റ്റ് മധ്യത്തോടെ തന്നെ ഒരു ഡസൻ വനിതാ ജഡ്ജിമാരെങ്കിലും അഫ്ഗാനിസ്താനിൽനിന്ന് വിവിധ രാജ്യങ്ങളിലേക്ക് പ്രാണരക്ഷാർത്ഥം പലായനം ചെയ്തതായി അമേരിക്ക ആസ്ഥാനമായ ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് വിമൺ ജഡ്ജസ് (ഐ എ ഡബ്ല്യു ജെ) പറയുന്നു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തുണ്ടായിരുന്ന മുഴുവൻ ജഡ്ജിമാരെയും ഇടക്കാല സർക്കാർ നീക്കം ചെയ്തിട്ടുണ്ട്. വനിതകൾക്കെതിരെയുള്ള ഭൂരിഭാഗം ഹീനമായ കുറ്റകൃത്യങ്ങളിലും ശിക്ഷ വിധിച്ചത് വനിതാ ജഡ്ജിമാരായിരുന്നു. ബലാത്സംഗം, കൊലപാതകം, ഗാർഹിക പീഡനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളെല്ലാം ഇതിൽ ഉൾപ്പെടും.
വനിതാ ജഡ്ജിമാർക്ക് ഏതു വിധത്തിൽ സുരക്ഷിതമായ അഭയകേന്ദ്രം ഒരുക്കാമെന്നാണ് ഐ എ ഡബ്ല്യു ജെ ഉൾപ്പെടെയുളള സംഘടനകൾ ചിന്തിക്കുന്നത്. അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ സഹായമാണ് അവർ തേടുന്നത്.