സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; ഏപ്രില്‍ 18 മുതല്‍ 24 വരെ മെഗാ എക്സിബിഷന്‍ എല്ലാ ദിവസവും കലാ സംഗീത പരിപാടികള്‍, സെമിനാറുകള്‍

സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 18 മുതല്‍ 24 വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മെഗാ എക്സിബിഷനും വിപണന മേളയും സംഘടിപ്പിക്കും. തേക്കിന്‍ കാട് മൈതാനിയില്‍ നടക്കുന്ന 'എന്റെ കേരളം' മെഗാ എക്സിബിഷനോടനുബന്ധിച്ച് എല്ലാ ദിവസവും പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറുകളും കലാ, സംഗീത പരിപാടികളും അരങ്ങേറും.
150 സ്റ്റാളുകളിലായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, സര്‍ക്കാര്‍ ഫാമുകള്‍, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ആദിവാസി വിഭാഗങ്ങള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവ പ്രദര്‍ശന വിപണന മേളയുടെ ഭാഗമാവും.
അക്ഷയ, ഐടി മിഷന്‍, ആരോഗ്യം, തദ്ദേശ സ്വയംഭരണം, എംപ്ലോയ്മെന്റ്, കാര്‍ഷിക വികസനം, ക്ഷീര വികസനം, ഭക്ഷ്യ സുരക്ഷ, കേരള വാട്ടര്‍ അതോറിറ്റി, വനിതാ ശിശുവികസനം, കെഎസ്ഇബി, നിപ്മര്‍ തുടങ്ങിയ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ സൗജന്യമായി ജനങ്ങള്‍ക്കെത്തിക്കുന്ന ഇരുപതോളം യൂട്ടിലിറ്റി സ്റ്റാളുകളും മേളയുടെ സവിശേഷതയാണ്.
ആധാര്‍ ഉള്‍പ്പെടെയുള്ള അക്ഷയ സേവനങ്ങള്‍, ജനന- മരണ- വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, മണ്ണ്- ജല പരിശോധനകള്‍, ജീവിത ശൈലീ രോഗനിര്‍ണയം, കുഞ്ഞുങ്ങളിലെ ഭിന്നശേഷി നിര്‍ണയ പരിശോധന, വിദ്യാര്‍ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ്, എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍, പാല്‍ ഗുണനിലവാര പരിശോധന, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കൗണ്‍സലിംഗ് തുടങ്ങിയ വിവിധ സേവനങ്ങള്‍ യൂട്ടിലിറ്റി സ്റ്റാളുകളില്‍ നിന്ന് സൗജന്യമായി ലഭിക്കും. അതോടൊപ്പം സര്‍ക്കാരിന്റെ വിവിധ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ പരിചയപ്പെടുത്തുകയും അവ ലഭ്യമാക്കുന്നതിന് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന തീം സ്റ്റാളുകളും എക്സിബിഷനില്‍ ഒരുക്കും.
പുത്തൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന സുവോളജിക്കല്‍ പാര്‍ക്ക് ഉള്‍പ്പെടെ ജില്ലയിലെ വിനോദ സഞ്ചാര കാഴ്ചകള്‍ ആവിഷ്‌ക്കരിക്കുന്ന ടൂറിസം വകുപ്പിന്റെ 'കേരളത്തെ അറിയാം' തീം പവലിയന്‍, വ്യവസായ വകുപ്പിന്റെ വിപണന സ്റ്റാളുകള്‍, കേരളത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവി സ്വപ്നങ്ങളും സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രീകരിക്കുന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 'എന്റെ കേരളം' തീം പവലിയന്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെയും റോബോട്ടിക്സ്, നിര്‍മിത ബുദ്ധി, ത്രീഡി പ്രിന്റിംഗ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്ന ടെക്‌നോളജി പവലിയന്‍, കാര്‍ഷിക വികസന വകുപ്പ്, കെഎഫ്ആര്‍ഐ, കാര്‍ഷിക സര്‍വകലാശാല തുടങ്ങിയവയുടെ ഔട്ട്ഡോര്‍ പവലിയന്‍ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കും. രുചിയൂറും വിഭവങ്ങളുമായി കുടുംബശ്രീ മിഷന്‍, കെടിഡിസി, സെന്‍ട്രല്‍ ജയില്‍, മില്‍മ തുടങ്ങിയവയുടെ ഫുഡ് കോര്‍ട്ടുകളും സജ്ജീകരിക്കും.
വിവിധ മേഖലകളില്‍ ജില്ല കൈവരിച്ച നേട്ടങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ജനക്ഷേമ പദ്ധതികളും ജനങ്ങളിലെത്തിക്കാന്‍ എന്റെ കേരളം മെഗാ എക്സിബിഷന്‍ സഹായകമാവുമെന്ന് യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. യോഗത്തില്‍ എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംഘാടക സമിതി രൂപീകരിച്ചു
സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള മെഗാ എക്സിബിഷന്റെ വിജയത്തിനായി ജില്ലയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാര്‍ മുഖ്യ രക്ഷാധികാരികളും മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളും ജില്ലാ കലക്ടര്‍ ചെയര്‍പേഴ്സണും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായി സംഘാടക സമിതിക്ക് യോഗം രൂപം നല്‍കി. ജില്ലയിലെ മുനിസിപ്പല്‍ അധ്യക്ഷന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാര്‍, അക്കാദമി അധ്യക്ഷന്‍മാര്‍, ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍മാര്‍, സ്ഥാപന മേധാവികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. മേളയുടെ സംഘാടനത്തിനായി 10 സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി.