സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. 14 ഇനങ്ങളാണ് ഇത്തവണത്തെ ഓണക്കിറ്റിലുള്ളത്. ഇന്നും നാളെയും മഞ്ഞ കാർഡ് ഉടമകൾക്കും 25, 26, 27 തീയതികളിൽ പിങ്ക് കാർഡ് ഉടമകൾക്കും 29, 30, 31 തീയതികളിൽ നീല കാർഡ് ഉടമകൾക്കും സെപ്റ്റംബർ 1 മുതൽ 3 വരെ വെള്ള കാർഡ് ഉടമകൾക്കും കിറ്റുകൾ വിതരണം ചെയ്യും. കാർഡ് ഉടമകൾക്ക് അവരുടെ റേഷൻ കടകളിൽ നിന്ന് കിറ്റുകൾ സ്വീകരിക്കാം. സെപ്റ്റംബർ ഏഴ് വരെ കിറ്റുകൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓണത്തിന് മുമ്പ് എല്ലാവർക്കും കിറ്റുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗുണമേന്മയും തൂക്കവും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. വാതിൽപ്പടി സേവനത്തിലൂടെ ആവശ്യക്കാർക്ക് ഭക്ഷ്യക്കിറ്റുകൾ നേരിട്ട് എത്തിക്കുന്ന പ്രക്രിയയും സമയബന്ധിതമായി നടപ്പാക്കും. 890 ക്ഷേമ സ്ഥാപനങ്ങളിൽ നാല് പേർക്ക് ഒന്ന് എന്ന അനുപാതത്തിൽ കിറ്റുകൾ ലഭ്യമാകുന്നതോടെ 37,634 പേർ ഓണക്കിറ്റിന്‍റെ ഗുണഭോക്താക്കളാകും. സംസ്ഥാനത്തെ 119 ആദിവാസി ഊരുകളിലും പൊതുവിതരണ ഉദ്യോഗസ്ഥർ മുഖേന കിറ്റുകൾ എത്തിക്കാൻ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകള്‍ പട്ടിണി മൂലം മരിക്കുന്ന സാഹചര്യമാണ് കോവിഡ് കാലത്ത് ഉണ്ടായത്. എന്നാൽ, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും എല്ലാവർക്കും ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.