ബോക്‌സിന് പുറത്ത് നിന്നുള്ള ഗോള്‍ വേട്ട; ഒന്നാമനായി ലയണൽ മെസി
ലണ്ടന്‍: സൂപ്പർതാരം മെസി പിഎസ്‌ജിയിലെ തന്റെ രണ്ടാം സീസണിൽ മികച്ച ഫോമിലാണ്. ഗോളടിച്ചും ഗോളടിപ്പിച്ചും മെസി നിറഞ്ഞ് കളിക്കുന്നു. ഇതിനിടയിലാണ് ആരാധകരെ ആവേശഭരിതരാക്കുന്ന മറ്റൊരു കണക്കും പുറത്തുവരുന്നത്. 2018-19 സീസൺ മുതൽ ബോക്‌സിന് പുറത്ത് നിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരുടെ പട്ടിക പുറത്തുവന്നു. ഇതിൽ ഒന്നാമൻ മെസിയാണ്. ബോക്സിന് പുറത്ത് നിന്ന് 29 ഗോളുകളുമായി യൂറോപ്പിലെ ആദ്യ അഞ്ച് ലീഗുകളിൽ ഒന്നാമതുള്ള താരമാണ് മെസി. 17 ഗോളുകളുമായി ലെസ്റ്റർ സിറ്റിയുടെ ജെയിംസ് മാഡിസണാണ് രണ്ടാം സ്ഥാനത്ത്. അതിനു താഴെ 15 ഗോളുമായി റുസ്ലന്‍ മാലിനോവ്‌സ്‌കിയും ഡ്രയിസ് മെര്‍ട്ടന്‍സും ജെയിംസ് വാര്‍ഡ് പ്രൗസും. 13 ഗോളുകളുമായി ഫാബിയൻ റൂയിസ് ആറാം സ്ഥാനത്താണ്. ഫുട്‌ബോള്‍ നിരീക്ഷകരായ സ്‌ക്വാക്ക ആണ് പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് വല കുലുക്കിയവരില്‍ മുന്‍പിലുള്ള കളിക്കാരുടെ പട്ടിക തയാറാക്കിയത്.