സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിതീവ്രമഴയ്ക്ക് സാധ്യത
വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഇന്നലെ മുതൽ തുടർച്ചയായി പെയ്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായി. ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് പലയിടത്തും ഉരുൾപൊട്ടലുണ്ടായി. കൊല്ലത്തും പത്തനംതിട്ടയിലും രണ്ടുപേർ വെള്ളത്തിൽ മുങ്ങിമരിച്ചു. കൊല്ലം കുംഭവരത്തി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തമിഴ്നാട്ടിലെ മധുര സ്വദേശി കുമാരൻ, പത്തനംതിട്ട കൊല്ലംമുള സ്വദേശി അദ്വൈദ് എന്നിവരാണ് മരിച്ചത്. കോട്ടയം വാകക്കാട് രണ്ടാറ്റുമുന്നിയിൽ പാലം വെള്ളത്തിനടിയിലായി. മൂന്നിലവ് ടൗണും വെള്ളത്തിനടിയിലായി. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ തോട് കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി മൂലമറ്റത്ത് ഉരുൾപൊട്ടലുണ്ടായതായി സംശയിക്കുന്നു. മൂന്നുങ്കവയൽ, മണപ്പാടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തിരുവനന്തപുരം കല്ലാർ മീൻമുട്ടിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. നെയ്യാർ ഡാമിന്‍റെ ഷട്ടർ ഉയർത്തിയതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്‍റെ സ്പിൽവേ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് വിലക്കേർപ്പെടുത്തി.