കരുതലിന്റെ കവചം ഒരുക്കി തെരുവിന്റെ മക്കൾക്കായി ചാലക്കുടി നഗരസഭയുടെ അഭയ കേന്ദ്രം.
ചാലക്കുടിയിൽ അഭയ കേന്ദ്രം.

ചാലക്കുടി:
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന അൻപതോളം പേർ കൊവിഡ് സാഹചര്യത്തിൽ സുരക്ഷിതരായി താമസിക്കുന്നത് നഗരസഭ ഈസ്റ്റ് എൽ പി സ്കൂളിലെ പുതിയ കെട്ടിടത്തിൽ ഒരുക്കിയ അഭയ കേന്ദ്രത്തിൽ. തെരുവിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നഗരസഭാ വാഹനത്തിൽ ഇവിടെ എത്തിച്ച ഇവർക്ക് താമസത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ചാലക്കുടി സർവ്വീസ് സഹകരണ ബാങ്കാണ് അവശ്യ വസ്തുക്കൾ നഗരസഭക്ക് നൽകിയത്. ദിവസേന നാല് നേരം ചായയും ഭക്ഷണവും നഗരസഭയിലെ സമൂഹ അടുക്കളയിൽ നിന്നും എത്തിച്ച് നൽകുന്നു. ഇവർക്കായി പ്രത്യേകം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആയുർവ്വേദ ഡോക്ടേഴ്സ് നേതൃത്വം നൽകി. നിയുക്ത എം എൽ എ സനീഷ് കുമാർ ജോസഫ് അഭയ കേന്ദ്രം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.