ജിഷ വധം, ആറ്റിങ്ങല്‍ ഇരട്ടക്കൊലകേസ് എന്നിവയിലെ വധശിക്ഷ പുന:പരിശോധിക്കാനൊരുങ്ങി ഹൈക്കോടതി
കേരളത്തെ ഞെട്ടിച്ച ജിഷ വധം, ആറ്റിങ്ങല്‍ ഇരട്ടക്കൊല എന്നിവയിലെ പ്രതികളുടെ മാനസിക നില, സാമൂഹിക പശ്ചാത്തലം എന്നിവ പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. പ്രതികളുടെ വധശിക്ഷ ഇളവ് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുല്‍ ഇസ്ലാം ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ പ്രതി നിനോ മാത്യു എന്നിവരുടെ ശിക്ഷാവിധിയിലാണ് പുനഃപരിശോധനയ്ക്ക് സാധ്യത തെളിയുന്നത്. ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ സാമൂഹിക പശ്ചാത്തലമടക്കം പരിശോധിക്കാൻ ഡിവിഷൻ ബഞ്ച് ഉത്തരവുണ്ടാകുന്നത്.
2014 ലാണ് നിനോ മാത്യു തന്റെ പെൺ സുഹൃത്തിന്റെ ഭർതൃമാതാവിനെയും 3 വയസ്സുകാരി കുഞ്ഞിനെയും കൊലപ്പെടുത്തിയത്. 2016ലായിരുന്നു എറണാകുളത്ത് നിയമ വിദ്യാർത്ഥിനി ജിഷ പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവം. ഇരുവരുടെ സാമൂഹ്യപശ്ചാത്തലം കുറ്റകൃത്യത്തിലേക്ക് നയിച്ചോ എന്നത് പരിശോധിക്കും. വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജിയും ശിക്ഷാ വിധിക്കെതിരായ പ്രതികളുടെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കൂടാതെ അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടുകളും സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളും പരിശോധിച്ചു കൊണ്ടാണ് പ്രതികളുടെ സാമൂഹ്യ പശ്ചാത്തലം പരിശോധിക്കാനുള്ള കോടതി നടപടി.