അഫ്ഗാനിസ്താനിൽനിന്ന് നൂറോളം വനിതാ ഫുട്ബോൾ കളിക്കാരെ ദോഹയിലേക്ക് രക്ഷപ്പെടുത്തി
അഫ്ഗാനിസ്താനിൽനിന്ന് നൂറോളം വനിതാ ഫുട്ബോൾ കളിക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും രക്ഷപ്പെടുത്തി ഖത്തർ തലസ്ഥാനമായ ദോഹയിൽ എത്തിച്ചതായി റിപ്പോർട്ടുകൾ. താലിബാൻ ഭരണത്തിനു കീഴിൽ വനിതാ ഫുട്ബോളർമാരുടെ സുരക്ഷിതത്വം വലിയ ആശങ്കയായി ഉയരുന്നതിനിടയിലാണ് കുടുംബാംഗങ്ങളെയടക്കം സുരക്ഷിതമായി ഖത്തറിൽ എത്തിച്ചിരിക്കുന്നത്.
നൂറോളം ഫുട്ബോളർമാരെയും അവരുടെ കുടുംബാംഗങ്ങളെയും അഫ്ഗാനിസ്താനിൽനിന്ന് ദോഹയിൽ എത്തിച്ചെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി ലോൾവാ അൽ ഖട്ടേർ ട്വീറ്റ് ചെയ്തു. കുറഞ്ഞത് ഇരുപതോളം നാഷണൽ ടീമംഗങ്ങൾ എങ്കിലും ഇതിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ട്.
താലിബാൻ വീണ്ടും അധികാരത്തിലേറിയതോടെ അഫ്ഗാനിസ്താനിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തെച്ചൊല്ലി വ്യാപകമായ ആശങ്കകളാണ് ഉയരുന്നത്. തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് വനിതകളായ കളിക്കാർ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഖത്തർ സർക്കാരുമായി ചേർന്ന് വനിതാ ഫുട്ബോളർമാരെ സുരക്ഷിതമായി രാജ്യത്തിന് പുറത്തെത്തിക്കാൻ ഫിഫ മാസങ്ങളായി പരിശ്രമിക്കുകയാണ്. വനിതാ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആയിരുന്ന ഖാലിദ പോപ്പൽ, മുഴുവൻ കളിക്കാരോടും തങ്ങളുടെ സ്പോർട്സ് സാമഗ്രികൾ നശിപ്പിച്ചു കളയാനും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനും ഉപദേശിച്ചിരുന്നു.