ഇമ്രാൻ ഖാൻ്റെ ഭാവിയിൽ തീരുമാനം നാളെ; തോറ്റാൽ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെടുന്ന ആദ്യത്തെ പ്രധാനമന്ത്രിയാകും
അവിശ്വാസ പ്രമേയം തള്ളിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചതോടെ പാകിസ്താനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പതനം ഏറെക്കുറെ ഉറപ്പായി. ദേശീയ അസംബ്ലി പുനഃസംഘടിപ്പിച്ച് സമ്മേളനം വിളിച്ചു ചേർക്കാനാണ് സ്പീക്കറോട് കോടതി ഉത്തരവിട്ടിട്ടുള്ളത്. പുനഃപരിശോധനാ ഹർജിയും തള്ളിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 10 മണിക്കാണ് അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പ് നടക്കുന്നത്. ഇമ്രാൻ ഖാൻ തോറ്റാൽ അവിശ്വാസ വോട്ടിലൂടെ പുറത്താക്കപ്പെടുന്ന ആദ്യത്തെ പ്രധാനമന്ത്രിയാകും അദ്ദേഹം. മറ്റ് രണ്ട് പ്രധാനമന്ത്രിമാരും അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിനു മുമ്പ് രാജിവെച്ചിരുന്നു. അവസാന പന്ത് വരെ കളിക്കുമെന്ന് ഉറപ്പിച്ച് സ്ഥാനമൊഴിയാൻ ഖാൻ വിസമ്മതിക്കുകയാണ്.
342 അംഗ അസംബ്ലിയിൽ ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർടിക്ക് നിലവിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രധാന സഖ്യകക്ഷിയുടെ ഏഴ് അംഗങ്ങൾ പ്രതിപക്ഷത്തോടൊപ്പം നിലകൊള്ളുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭരണകക്ഷിയിലെ തന്നെ ഒരു ഡസനിലധികം നിയമസഭാംഗങ്ങളും ഇമ്രാൻ ഖാന് എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. പാർടിക്കുള്ളിലെ പടപ്പുറപ്പാട് ഇമ്രാൻ ഖാൻ്റെ പതനം ഉറപ്പാക്കും.