മുകേഷ് വർമ കൂടി രാജിവെച്ചു; ഉത്തർപ്രദേശിൽ ബിജെപിക്ക് കനത്ത വെല്ലുവിളിയായി എംഎൽഎ മാരുടെ കൂട്ടരാജി
ഒന്നിനുപിറകേ ഒന്നായി എംഎൽഎ മാർ പാർടി വിടുന്ന കാഴ്ചയ്ക്കാണ് ഉത്തർപ്രദേശ് ബിജെപി ഘടകം സാക്ഷ്യം വഹിക്കുന്നത്. ഈയാഴ്ച ആദ്യം കാബിനറ്റ് മന്ത്രി പദം ഉപേക്ഷിച്ച് പാർടി വിട്ട സ്വാമി പ്രസാദ് മൗര്യയ്ക്ക് പിന്തുണയുമായി എംഎൽഎ മുകേഷ് വർമ കൂടി ഇന്ന് പാർടിയിൽ നിന്ന് രാജിവെച്ചു. ഇതോടെ ഏഴാമത്തെ എംഎൽഎ ആണ് ബിജെപിക്ക് നഷ്ടമാവുന്നത്.
"സ്വാമി പ്രസാദ് മൗര്യ ഞങ്ങളുടെ നേതാവാണ്. അദ്ദേഹം എന്ത് തീരുമാനമെടുത്താലും ഞങ്ങൾ പിന്തുണയ്ക്കും. വരും ദിവസങ്ങളിൽ മറ്റ് നിരവധി നേതാക്കൾ ഞങ്ങളോടൊപ്പം ചേരും," ലഖ്‌നൗവിലെ മൗര്യയുടെ വസതിയിൽ എത്തിയശേഷം വർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വനം-പരിസ്ഥിതി മന്ത്രി ദാരാ സിംഗ് ചൗഹാൻ, എംഎൽഎ മാരായ ബ്രജേഷ് പ്രജാപതി, റോഷൻ ലാൽ വർമ, ഭഗവതി സാഗർ, വിനയ് ഷാക്യ എന്നിവരാണ് സ്വാമി പ്രസാദ് മൗര്യയ്ക്കൊപ്പം നേരത്തേ പാർടി വിട്ടവർ.