നമ്മുടെ ഭാരതം നമ്മുടെ അഭിമാനം .

ഭാരതീയനായതിൽ അഭിമാനിക്കാൻ ഒരു സ്വാതന്ത്ര്യ ദിനം കൂടി. അടിച്ചമർത്തലിനെതിരെ പോരാടി സ്വാതന്ത്ര്യം എന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്ത ദിനം. വേഷത്തിന്റെയും ഭാഷയുടെയും അതിരുകളെല്ലാം മറന്ന് ഓരോ ഭാരതീയനും കൊടുമുടിയിലെത്തുന്ന ദിനം. ധീര രക്തസാക്ഷികളെ സ്മരിക്കാനും സ്വാതന്ത്ര്യത്തിന്റെ വിലയെന്തെന്ന ഓർമ്മപ്പെടുത്തലുമായി രാജ്യം 75-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്.

'ഭാരതം എന്റെ നാടാണ്' ഭാരതീയനായതിൽ ഞാൻ അഭിമാനിക്കുന്നു. ഇന്ന് ഈ ഓരോ വാക്കുകൾ ഇടറാതെ പറയാനും എഴുതാനും കേൾക്കാനും നമുക്ക് സാധിക്കും. അത് ഓരോ ഭാരതീയന്റെയും അവകാശമാണ്. നിരവധി ധീരരായ മഹത് വ്യക്തികളുടെ ചെറുത്തനിൽപ്പിന്റെയും സഹനത്തിന്റെയും പോരാട്ട യാത്രയിലൂടെ നമുക്ക് കൈവന്ന അധികാരമാണ് സ്വാതന്ത്ര്യം.

പ്രാണനേക്കാൾ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ജീവത്യാഗവും സ്വപ്ന സാക്ഷാത്കാരവുമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. എന്നാല്‍ ഇന്ന് രാജ്യത്തിന്റെ പോരാട്ടം മഹാമാരികളില്‍ നിന്നുമുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്.

വെള്ളക്കാരന്റെ അടിമത്തത്തിൽ നിന്ന് മോചനമേകി സ്വതന്ത്രമായൊരു ലോകം നമുക്കായ് തുറന്നു തന്ന പൂർവ്വികരുടെ മഹത്വം കാക്കാൻ വരും തലമുറകൾക്കായി സ്നേഹവും ഐക്യവും നിറഞ്ഞ ഒരു മികച്ച രാഷ്ട്രം കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കട്ടെ.. അതിനുള്ള ഓര്‍മ്മപ്പെടുത്തലാവട്ടെ ഈ സ്വാതന്ത്ര്യദിനം - ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.

Related Posts