ഇന്ത്യ - ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം.

കൊളംബോ:

ഇന്ത്യ - ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ആവേശകരമായ മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ദീപക് ചാഹറിന്റെ അവിശ്വസനീയ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ വിജയം നേടിയത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരേപോലെ തിളങ്ങാൻ ചാഹറിനായി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.

ശ്രീലങ്ക നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 275 റൺസാണെടുത്തത്. അർധസെഞ്ചുറി നേടിയ ചരിത് അസലങ്കയുടെയും ഓപ്പണർ ആവിഷ്ക ഫെർണാണ്ടോയുടെയും മികവിലാണ് ലങ്കൻ പട ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ അടിച്ചുതകർത്ത ചമിക കരുണരത്നെയും ഓപ്പണർ മിനോദ് ഭനുകയും മികച്ച പ്രകടനം പുറത്തെടുത്തു.

276 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 49.1 ഓവറിൽ അഞ്ച് പന്തുകൾ ബാക്കിനിൽക്കേ വിജയത്തിലെത്തി. ഒരു ഘട്ടത്തിൽ തോൽവിയിലേക്ക് വീണുകൊണ്ടിരുന്ന ടീമിനെ ചാഹർ ഒറ്റയ്ക്ക് തോളിലേറ്റി വിജയത്തിലെത്തിക്കുകയായിരുന്നു. ചാഹർ 69 റൺസെടുത്തും ഭുവനേശ്വർ 19 റൺസെടുത്തും പുറത്താവാതെ നിന്നു. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തി. നേരത്തേ രണ്ട് ശ്രീലങ്കൻ വിക്കറ്റുകളും ചാഹർ വീഴ്ത്തിയിരുന്നു. അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

Related Posts