ആദ്യമായി പിസ കഴിച്ചുനോക്കുന്ന അമ്മൂമ്മ; വൈറലായി ഇൻസ്റ്റഗ്രാം റീൽസ്
ജീവിതത്തിൽ ആദ്യമായി പിസ കഴിച്ചു നോക്കുന്ന അമ്മൂമ്മയുടെ റിയാക്ഷൻ ഇൻസ്റ്റഗ്രാമിൽ വൈറലായി. ഓൺലൈൻ കണ്ടൻ്റ് ക്രിയേറ്ററായ അമ്മൂമ്മയുടെ കൊച്ചുമകനാണ് പിസ കഴിക്കുന്ന ദൃശ്യവും തുടർന്നുള്ള രസകരമായ റിയാക്ഷനും ഇൻസ്റ്റഗ്രാം റീൽസിലൂടെ പങ്കുവെച്ചത്. മുഖമാകെ ചുളിച്ച്, രുചി നോക്കിയ ഭക്ഷണത്തോടുള്ള അതൃപ്തി മുഴുവൻ പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രതികരണത്തിൽ നിന്ന് അമ്മൂമ്മയ്ക്ക് പിസ തീരെ പിടിച്ചിട്ടില്ല എന്നത് വ്യക്തമാണ്.
"നാനിജി ഫസ്റ്റ് ടൈം ഈറ്റിങ്ങ് പിസ" എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. പ്രായംചെന്ന നാനിജിക്ക് പിസ ഒട്ടുംതന്നെ ഇഷ്ടമായില്ലെന്നും അവരുടെ ആദ്യ റിയാക്ഷനിൽ നിന്നുതന്നെ അതു വ്യക്തമാണെന്നും നിരവധിപേർ റീൽസിനോട് പ്രതികരിച്ചിട്ടുണ്ട്. സ്നഹത്തോടെയാണെങ്കിലും നാനിജിയെ ഇത്തരം ജങ്ക് ഫുഡ് തീറ്റിക്കല്ലേ എന്നാണ് കൊച്ചുമോനോടുള്ള ചിലരുടെ ഉപദേശം. എന്തായാലും പിസയിൽ കടിക്കുമ്പോഴുള്ള അമ്മൂമ്മയുടെ ക്യൂട്ട് റിയാക്ഷൻ സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു.