സെഞ്ച്വറിയടിച്ച് ജയസൂര്യ, നൂറാമത്തെ സിനിമ 'സണ്ണി' നാളെ അർധരാത്രി മുതൽ ആമസോൺ പ്രൈമിൽ
ജയസൂര്യയുടെ നൂറാമത് സിനിമ 'സണ്ണി' നാളെ റിലീസ് ചെയ്യും. ആമസോൺ പ്രൈമിൽ അർധരാത്രി മുതലാണ് ചിത്രം പ്രദർശിപ്പിച്ചു തുടങ്ങുന്നത്. രചനയും സംവിധാനവും രഞ്ജിത്ത് ശങ്കറാണ്. ജയസൂര്യ-രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ ചിത്രമാണ് സണ്ണി. പുണ്യാളൻ അഗർബത്തീസ്, സു...സു...സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, പ്രേതം 2, രാമൻ്റെ ഏദൻതോട്ടം ഉൾപ്പെടെ ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം വലിയ വിജയമായിരുന്നു. അഭിനേതാവ് എന്ന നിലയിൽ താരത്തിൻ്റെ കരിയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന 'ഞാൻ മേരിക്കുട്ടി'യും ഈ കൂട്ടുകെട്ടിൽ പിറന്നതാണ്.
ക്രിയേറ്റീവ് ബ്ലോക്ക് നേരിടുന്ന ഒരു സംഗീതജ്ഞനെയാണ് സണ്ണിയിൽ നടൻ അവതരിപ്പിക്കുന്നത്. ജീവിതത്തിൽ നേടിയതെല്ലാം നഷ്ടപ്പെടുത്തുന്ന ഒരാൾ. ദുബൈയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തി കൊവിഡ് മൂലം ഒരു ഹോട്ടൽ മുറിയിൽ ക്വാറൻ്റൈനിൽ കഴിയുന്ന സണ്ണിയുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്നത്. ഒറ്റ വ്യക്തിയിൽ കേന്ദ്രീകരിച്ചുള്ള നരേറ്റീവ് ആണ് സിനിമയ്ക്കുള്ളതെന്നും ജയസൂര്യയെപ്പോലെ മികച്ച ഒരു നടൻ തന്നെ തൻ്റെ കഥാപാത്രം കൈകാര്യം ചെയ്തതിൽ സന്തോഷവാനാണെന്നും രഞ്ജിത്ത് ശങ്കർ പറഞ്ഞു.
ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങൾ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സിനിമയുടെ പ്രമേയം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങളും പുറത്തു വിട്ടിട്ടില്ല. ഡ്രീംസ് ആൻ്റ് ബിയോണ്ടിൻ്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചത്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദ് എഡിറ്റിങ്ങ്. സാന്ദ്ര മാധവ് ഗാനരചനയും ശങ്കർ ശർമ സംഗീതവും നിർവഹിക്കുന്നു.
മലയാളത്തിൽ ആദ്യമായി ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ഷാനവാസ് നരണിപ്പുഴയുടെ 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലും ജയസൂര്യ പ്രധാന വേഷം ചെയ്തിരുന്നു.