പുതിനെ "യുദ്ധക്കുറ്റവാളി" എന്ന് വിശേഷിപ്പിച്ച് ജോ ബൈഡൻ
റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുതിനെ യുദ്ധക്കുറ്റവാളി എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. അസ്വീകാര്യവും പൊറുക്കാനാവാത്തതുമായ വാചകക്കസർത്ത് എന്നാണ് അമേരിക്കൻ പ്രസിഡണ്ടിൻ്റെ വിശേഷണത്തെപ്പറ്റി ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവിൻ്റെ പ്രതികരണമെന്ന് റഷ്യൻ സ്റ്റേറ്റ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സുരക്ഷയ്ക്കുള്ള അധിക ധനസഹായമായി അമേരിക്ക ഉക്രയ്ന് 800 മില്യൺ ഡോളർ കൂടി നൽകുമെന്ന് ബൈഡൻ പറഞ്ഞു. ഉക്രയ്നുള്ള അമേരിക്കൻ പിന്തുണയിലും പുതിനെക്കൊണ്ട് മറുപടി പറയിക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയത്തിലും ലോകം ഒപ്പമുണ്ട്.
മരിയുപോളിൽ റഷ്യൻ സൈന്യം ഡോക്ടർമാരെയും രോഗികളെയും ബന്ദികളാക്കിയതിന്റെ റിപ്പോർട്ടുകൾ പത്രസമ്മേളനത്തിൽ ബൈഡൻ ഉദ്ധരിച്ചു. റഷ്യയ്‌ക്കെതിരായ പോരാട്ടത്തിന് കൂടുതൽ അമേരിക്കൻ സഹായം ആവശ്യപ്പെട്ട് ഉക്രയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്‌കി യു എസ് കോൺഗ്രസ്സിനോട് വികാരാധീനമായ അഭ്യർഥന നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് ബൈഡന്റെ പ്രഖ്യാപനം. പേൾ ഹാർബർ ആക്രമണവും സെപ്റ്റംബർ 11-ലെ ഭീകരാക്രമണവും അടക്കം ഉദ്ധരിച്ചായിരുന്നു സെലൻസ്കിയുടെ ലൈവ് വീഡിയോ പ്രസംഗം