മാധ്യമ പ്രവർത്തകനും പടന്ന മഹാ സഭ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ വി എസ് സുനിൽ കുമാറിന് നേരെ ആക്രമണം
തളിക്കുളം : പടന്ന മഹാ സഭ സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും മാധ്യമ പ്രവർത്തകനുമായി വാടാനപ്പിള്ളി നടുവിൽക്കര സ്വദേശി വി എസ് സുനിൽ കുമാറിനെ മൂന്നംഗ സംഘം ആക്രമിച്ച് വലതു കൈ വടി ഉപയോഗിച്ച് തല്ലിയൊടിച്ചു. സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തളിക്കുളത്തെ ഓഫീസിന് സമീപം കൊടിമരവും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച ശിലാഫലകവും പുനർസ്ഥാപിക്കുന്ന പ്രവർത്തിയിലേർപ്പെട്ട മണ്ഡലം കമ്മിറ്റി ഭാരവാഹിയായ സർവ്വേത്തമൻ എന്നയാളെ കൈയേറ്റം ചെയ്യുന്നത് കണ്ട് സമീപത്തെ സ്വന്തം കടയിൽ നിന്ന് ഓടിയെത്തിയ സുനിൽ കുമാറിനെ അക്രമി സംഘം ആക്രമിക്കുകയും താഴെ വീണ ഇയാളുടെ വലതു കൈ വടി ഉപയോഗിച്ച് തല്ലിയൊടിക്കുകയും ചെയ്യുകയായിരുന്നു. ഉടൻ തന്നെ വലപ്പാട് ഗവൺമെന്റ് ആശുപത്രിയിലും ജില്ല ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു . വലതു കൈയുടെ രണ്ടിടങ്ങളിൽ എല്ല് തകർന്ന നിലയിലാണ്. ഡോക്ടർമാരുടെ നിർദേശപ്രകാരം അടിയന്തിര ശസ്ത്രകിയയ്ക്ക് വ്യാഴാഴ്ച വിധേയനാക്കും.