കൈരളി കൾച്ചറൽ അസോസിയേഷൻ കേരളോത്സവം സംഘടിപ്പിച്ചു.
ഫുജൈറ : യു എ ഇ യുടെ 50 മത് ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ കേരളോത്സവം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിരുന്നു പരിപാടി. വർണ്ണാഭമായ ഘോഷയാത്രയോടെയാണ് കേരളോത്സവത്തിന് തുടക്കം കുറിച്ചത്. കൈരളി ഫുജൈറ, ഓർമ്മ ദുബായ്, ലെജൻഡ് ആർട്ട് സെന്റർ റാസ് അൽ ഖൈമ, സരിഗ ഫുജൈറ എന്നിവർ അവതരിപ്പിച്ച ശിങ്കാരിമേളം, തിരുവാതിര, ഒപ്പന, സംഘനൃത്തങ്ങൾ, ശാസ്ത്രീയ നൃത്തങ്ങൾ, ഫ്യൂഷൻ ഡാൻസ്, ദൃശ്യാവിഷ്കാരം, അറബിക് നൃത്തം, കോൽക്കളി തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികൾ സദസ്സിൻ്റെ മനം കവർന്നു. പൊതു സമ്മേളനം ഹിസ് എക്സലൻസി ശൈഖ് സയീദ് സോരൂർ സൈഫ് അൽ ഷാർഖി (ചെയർമാൻ ഫുജൈറ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി) ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി മിജിൻ ചുഴലി സ്വാഗതം ആശംസിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ഉസ്മാൻ മാങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കോൺസുൽ ഉത്തംചന്ദ് (ഹോണറബിൾ കോൺസുൽ വിസ ആൻഡ് കമ്മ്യൂണിറ്റി അഫയേഴ്സ്) മുഖ്യാതിഥി ആയിരുന്നു. സ്വാഗതസംഘം ചെയർമാൻ മോയിൻ ഓലിക്കൽ, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ കാദർ എടയൂർ, പ്രസിഡണ്ട് ലെനിൻ ജി കുഴിവേലിൽ, യൂണിറ്റ് കൾച്ചറൽ കൺവീനർ നമിത പ്രമോദ് എന്നിവർ ആശംസകൾ നേർന്നു. കേരള ആരോഗ്യ വകുപ്പ് മുൻ മന്ത്രി കെ കെ ശൈലജ ടീച്ചർ ഓൺ ലൈൻ വഴി ആശംസകൾ അറിയിച്ചു. സ്വാഗതസംഘം കൺവീനർ പ്രേംജിത് പരവൂർ നന്ദി രേഖപ്പെടുത്തി. പുസ്തക ശാല കൂടാതെ കൈരളി കുടുംബാംഗങ്ങൾ ഒരുക്കിയ രുചികരമായ നാടൻ വിഭവങ്ങളുടെ സ്റ്റാളുകളും കേരളോത്സവത്തിൻ്റെ പ്രത്യേകതയായി. കൈരളി ദിബ്ബ യൂണിറ്റ് കൾച്ചറൽ കൺവീനർ അൻവർ ഷാ യുവധാര എഴുതിയ 'ചില്ലറ കടങ്ങൾ വീട്ടാനുണ്ട് ' എന്ന പുസ്തകത്തിൻ്റെ മുഖചിത്രപ്രകാശനം ഓർമ്മ സെക്രട്ടറി കെ വി സജിവൻ, കൈരളി സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂരിന് നൽകി നിർവഹിച്ചു. കേരളോത്സവം തീം സോങ് ലോകകേരള സഭാംഗം സൈമൻ സാമുവേൽ ഓൺലൈൻ വഴിയായി സദസ്സിന് സമർപ്പിച്ചു. കേരളോത്സവം അവിസ്മരണീയമാക്കിയ എല്ലാവർക്കും കൈരളി ഫുജൈറ യൂണിറ്റ് ഭാരവാഹികളായ ഉസ്മാൻ മങ്ങാട്ടിൽ ,മിജിൻ ചുഴലി എന്നിവർ നന്ദി അറിയിച്ചു.