ക്ലബ്ബ് ഹൗസ് നിരീക്ഷണ വലയത്തിലെന്ന് കേരള പൊലീസ്
സാമൂഹ്യ മാധ്യമ രംഗത്ത് നവതരംഗമായി മാറിയ ക്ലബ്ബ് ഹൗസ് നിരീക്ഷണ വലയത്തിലെന്ന് കേരള പൊലീസിൻ്റെ മുന്നറിയിപ്പ്. സമൂഹത്തിൽ ഭിന്നിപ്പും സ്പർധയും വളർത്തുന്ന രീതിയിലും യുവജനങ്ങളെ വഴിതെറ്റിക്കുന്ന രീതിയിലുമുള്ള ക്ലബ്ബ് ഹൗസിലെ മുറികൾ സൈബർ ഷാഡോ പൊലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണെന്ന് കേരള പൊലീസ് അറിയിച്ചു. ഇത്തരം റൂമുകൾ സംഘടിപ്പിക്കുന്ന മോഡറേറ്റർ, സ്പീക്കർ, ഓഡിയോ പാനലുകൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.
സമൂഹത്തിൽ ഭിന്നിപ്പും സ്പർധയും വളർത്തുന്ന രീതിയിലുള്ള ചർച്ചകളും ഇടപെടലുകളും ക്ലബ്ബ് ഹൗസിൽ നടക്കുന്നതായി നേരത്തേയും പരാതികൾ ഉയർന്നിരുന്നു. നാർക്കോട്ടിക്ക് ജിഹാദ് വിവാദം കൊഴുത്തതോടെ ക്ലബ്ബ് ഹൗസിൽ ഈ വിഷയത്തെ അധികരിച്ചുള്ള നിരവധി ചർച്ചകളാണ് നടക്കുന്നത്. ആരോഗ്യകരമായ സംവാദങ്ങളെക്കാൾ എതിരാളികളെ താറടിച്ചു കാണിക്കുന്നതും സമൂഹത്തിൽ വർഗീയ വിഭജനം സൃഷ്ടിക്കുന്നതുമായ കോലാഹലങ്ങളാണ് അരങ്ങേറുന്നതെന്ന് പരാതികൾ ഉയർന്നിട്ടുണ്ട്.