കേരളത്തിലെ ഐ എസ് അനുഭാവികൾ 'വിജയത്തിന്റെ വാതിൽ വാലിന്റെ തണലിൽ' എന്ന പേരിൽ പുസ്തകത്തിന്റെ മലയാള പരിഭാഷ പുറത്തിറക്കിയിട്ടുണ്ട്
'ജിഹാദിന്റെ പുസ്തകം' നിരോധിക്കണമെന്ന് കേരള പൊലീസ്
ബുക്ക് ഓഫ് ജിഹാദ് അഥവാ ജിഹാദിന്റെ പുസ്തകം എന്ന് ആഗോളതലത്തിൽ അറിയപ്പെടുന്ന 'മഷാരി അൽ-അഷ് വാഖ് ഇലാ മസാരി അൽ-ഉഷാഖ് ' നിരോധിക്കണമെന്ന് സർക്കാരിനോട് കേരള പൊലീസ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതാണ് ജിഹാദിൻ്റെ പുസ്തകമെന്ന് പൊലീസ് സർക്കാരിനെ അറിയിച്ചതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു. പതിനാലാം നൂറ്റാണ്ടിൽ എഴുതപ്പെട്ട അറബിക് ഗ്രന്ഥമാണ് ജിഹാദിൻ്റെ പുസ്തകം.
പൊലീസിൻ്റെ അഭ്യർഥനയെ തുടർന്ന് പുസ്തകത്തിൻ്റെ ഉള്ളടക്കം പരിശോധിക്കാൻ സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പിആർഡി ഡയറക്ടർ എസ് ഹരികിഷോറിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ ആഭ്യന്തര സുരക്ഷാ ഐജി ജി സ്പർജൻ കുമാറും നാഷണൽ യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസലർ എൻ കെ ജയകുമാറും ഉൾപ്പെടുന്നു.
2020 ൽ ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റയും നിലവിൽ പൊലീസ് മേധാവിയായ അനിൽ കാന്തും പുസ്തകം നിരോധിക്കണമെന്ന് ശുപാർശ ചെയ്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ജൂലൈയിലാണ് അനിൽ കാന്തിൻ്റെ ശുപാർശ സർക്കാരിന് ലഭിക്കുന്നത്. സോഷ്യൽ മീഡിയ ഉൾപ്പെടെ മുഴുവൻ ഇടങ്ങളിലും പുസ്തകം നിരോധിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. പുസ്തകത്തിൽ തീവ്രവാദ സാഹിത്യം അടങ്ങിയിട്ടുണ്ട്. അത് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കും. ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഭീകര സംഘടനകളിലേക്ക് യുവാക്കളെ വഴിതെറ്റിക്കും.
ഇബ്നു നുഹാസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഡമാസ്സിൻ പണ്ഡിതനായ അഹ്മദ് ഇബ്രാഹിം മുഹമ്മദ് അൽ ദിമാഷ്കി അൽ ദുംയാതി എഴുതിയ മധ്യകാല കൃതിയാണ് മഷാരി അൽ-അഷ് വാക്. 1411 ലെ ബൈസാന്റൈൻ യുദ്ധത്തിനിടയിൽ ഗ്രന്ഥകർത്താവ് കൊല്ലപ്പെട്ടതായാണ് പറയപ്പെടുന്നത്. കേരളത്തിലെ ഐഎസ് അനുഭാവികൾ 'വിജയത്തിന്റെ വാതിൽ വാലിന്റെ തണലിൽ' എന്ന പേരിൽ പുസ്തകത്തിന്റെ മലയാള പരിഭാഷ പുറത്തിറക്കുകയും ഓൺലൈനിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഈജിപ്ഷ്യൻ ഇസ്ലാമിക നേതാവ് സയ്യിദ് കുത്തബിൻ്റെ കാലംവരെ പുസ്തകം അധികമൊന്നും അറിയപ്പെട്ടിരുന്നില്ല. പിന്നീട് വിവിധ തീവ്രവാദ, ഭീകരവാദ സംഘടനകളുടെ പ്രചാരണങ്ങൾക്ക് കൃതി ഉപയോഗിക്കപ്പെട്ടു. അൽ-ക്വയ്ദയുടെ യുഎസ്-യെമനി പ്രത്യയശാസ്ത്രകാരനായ അൻവർ അൽ അവ് ലാകിയുടെ ഓഡിയോ പാരായണം വഴിയാണ് പുസ്തകം അന്താരാഷ്ട്ര ജിഹാദി സംഘടനകളിൽ പ്രചരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ആവിർഭാവത്തോടെയാണ് കൃതിക്ക് വ്യാപകമായ പ്രചാരം കൈവന്നത്. ഐഎസ് സാഹിത്യത്തിലും ഓൺലൈൻ ജിഹാദി പ്രചാരണങ്ങളിലും ധാരാളമായി ഉദ്ധരിക്കപ്പെടുന്ന കൃതി ജിഹാദിനെക്കുറിച്ചുള്ള ക്ലാസിക്കൽ പാഠമെന്ന തലത്തിലേക്ക് വളർന്നിട്ടുണ്ട്.