കേരള സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകമത്സരം രണ്ടു ദിവസം പിന്നിട്ടു
കേരള സംഗീത നാടക സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നാടക മത്സരത്തിന് രണ്ടാംദിനവും കാണികളുടെ ഭാഗത്തു നിന്നും ആവേശോജ്ജ്വലമായ പ്രതികരണം ലഭിച്ചതായി അക്കാദമി സെക്രട്ടറി ഡോ പ്രഭാകരന്‍ പഴശ്ശി പറഞ്ഞു. പാസ്സ് ലഭിച്ച കാണികള്‍ നാടകമത്സരം രാവിലെ പത്തിനും, വൈകീട്ട് അഞ്ചിനും ആരംഭിക്കുന്നതിന് മുമ്പേ തന്നെ തിയ്യറ്ററിനകത്തേക്ക് തങ്ങളുടെ ഊഴമനുസരിച്ച് പ്രവേശിക്കുകയും അക്കാദമിയുമായി പൂര്‍ണ്ണമായും സഹകരിക്കുകയും ചെയ്തുവെന്ന് ഡോ പ്രഭാകരന്‍ പഴശ്ശി പറഞ്ഞു . കൊവിഡ് മഹാമാരിയാല്‍ നിശ്ചലമായ നാടകരംഗത്തിന് അക്കാദമി സംഘടിപ്പിക്കുന്ന ഈ പ്രൊഫഷണല്‍ നാടക മത്സരം പുനര്‍ജീവനം നല്‍കിയിട്ടുണ്ടെന്നാണ് നാടക ലോകം വിലയിരുത്തിട്ടുള്ളത് .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാടകപ്രേമികളും, വിദ്യാര്‍ത്ഥികളും, നാടകപ്രവര്‍ത്തകരുമാണ് അക്കാദമി സംഘടിപ്പിക്കുന്ന നാടകമത്സരം കാണാന്‍ എത്തുന്നത്.നാടക മത്സരം ഒക്ടോബര്‍ 29 ന് സമാപിക്കും. കൊവിഡ് നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ 250 പേര്‍ക്ക് മാത്രമാണ് പാസ്സ് അനുവദിച്ചിട്ടുള്ളത്
ജീവിതപാഠവും, പാട്ടുപാടുന്ന വെള്ളായിയും ആണ് ഇന്ന് അരങ്ങില്‍ എത്തുന്ന നാടകങ്ങൾ
കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടക മത്സരത്തിന്റെ മൂന്നാംദിനമായ ഇന്ന് (ഒക്ടബര്‍ 27 ) രാവിലെ പത്തിന് സംസ്‌കൃതി വെഞ്ഞാറമൂടിന്റെ ജീവിതപാഠവും, വെകീട്ട് അഞ്ചിന് വള്ളുവനാട് ബ്രഹ്‌മയുടെ പാട്ടുപാടുന്ന വെള്ളായിയും അരങ്ങില്‍ എത്തും.