കേരളത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ മാധ്യമ പ്രവർത്തകരേക്കാൾ അന്തസ്സും അഭിമാനവും അനുഭവിക്കുന്നവർ ആണെന്ന് കെ കെ ഷാഹിന

കേരളത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ മാധ്യമ പ്രവർത്തകരേക്കാൾ അന്തസ്സും അഭിമാനവും അനുഭവിക്കുന്നവരാണെന്ന് പ്രശസ്ത മാധ്യമ പ്രവർത്തക കെ കെ ഷാഹിന. വണ്ടിയിൽ കയറുന്നവരോട് കണക്ക് പറഞ്ഞ് കാശ് വാങ്ങുന്ന ഓട്ടോ ഡ്രൈവറും മണിക്കൂറിന് അഞ്ഞൂറ് രൂപ കൂലിയിടുന്ന പ്ലംബറും തൊഴിലാളികൾ എന്ന നിലയിൽ മാധ്യമപ്രവർത്തകരേക്കാൾ മെച്ചപ്പെട്ട അവസ്ഥയിൽ ജീവിക്കുന്നവരാണെന്ന് ഷാഹിന പറഞ്ഞു.

സംശയം ഉണ്ടെങ്കിൽ ഈ അവതാരകർ ആരെങ്കിലും ഓട്ടോയിൽ കയറിയിട്ട് അവരോട് ഒന്ന് തർക്കിച്ച് നോക്കട്ടെ. അപ്പോൾ അറിയാം. നിങ്ങൾക്ക് പറ്റില്ലേൽ വേറെ ആളെ വിളിച്ചോ എന്നതാണ് ഓട്ടോക്കാരുടെയും പ്ലംബർമാർ അടക്കമുള്ള തൊഴിലാളികളുടെയും ബോഡി ലാംഗ്വേജ്. അത് കാലങ്ങൾ കൊണ്ട് സമരങ്ങളിലൂടെ അവർ നേടിയെടുത്ത മനുഷ്യാന്തസ്സാണ്. അത് മാധ്യമപ്രവർത്തകർക്ക് സഹിക്കാൻ കഴിയാത്ത ഒന്നാണ്. സ്വന്തം തൊഴിലിടത്തിൽ അവർക്ക് ഒരിക്കലും ഈ അന്തസ്സ് കിട്ടുന്നില്ല. പ്ലംബറെ പോലെ, ഓട്ടോ ഡ്രൈവറെ പോലെ, 'നിങ്ങൾക്ക് വേണേ എന്നെ നിലനിർത്തിയാൽ മതി, നിങ്ങൾ പറയുന്ന എല്ലാ ടേംസും എനിക്ക് സമ്മതമല്ല 'എന്ന് തൊഴിലെടുക്കുന്ന സ്ഥാപനത്തോട് പറയാൻ കഴിയുന്ന മാധ്യമപ്രവർത്തകർ കേരളത്തിൽ ഇല്ലെന്നും ഷാഹിന പറഞ്ഞു.

അത് വ്യക്തികളുടെ കുഴപ്പമല്ല. അങ്ങനെയാണ് ഇൻഡസ്ട്രി പ്രവർത്തിക്കുന്നത്. ഹയർ ആൻ്റ് ഫയർ പോളിസി നടപ്പിലാക്കുന്ന വെറുമൊരു ഇൻഡസ്ട്രിയാണ് ഇത്. അവിടെ സ്വയം ഉത്തരം താങ്ങി പല്ലികൾ ആവാതെ സ്വന്തം പരിമിതി തിരിച്ചറിഞ്ഞ് കുറച്ച് കൂടി ഭൂമിയിലേക്ക് ഇറങ്ങി വന്ന്, കുറച്ച് കൂടി അന്തസ്സും ആത്മാഭിമാനവും ഉള്ളവരായി മാറാൻ മാധ്യമപ്രവർത്തകർക്ക് കഴിയണം.

സ്വയം അനുഭവിക്കുന്ന അന്തസ്സില്ലായ്മയെയും വിധേയത്വത്തെയും മാധ്യമ പ്രവർത്തകർ മറികടക്കുന്നത് നാട്ടുകാരോട് കലഹിച്ചാണെന്ന് ഷാഹിന കളിയാക്കി. മനുഷ്യരോട് അങ്ങേയറ്റം മര്യാദയില്ലാതെ പെരുമാറുന്നത് എന്തോ ഉദാത്തമായ മാധ്യമ പ്രവർത്തനമാണെന്ന് അവർ കരുതുന്നു. തങ്ങൾ എസ്റ്റാബ്ലിഷ്മെന്റിനോട് കലഹിക്കുന്നവരാണ് എന്നാണ് ഈ പാവങ്ങൾ സ്വയം കരുതുന്നതും മറ്റുള്ളവരെ ധരിപ്പിക്കാൻ ശ്രമിക്കുന്നതും.

വെറും ഒറ്റ മാസത്തെ നോട്ടീസ് പിരീഡിൽ ജോലി പോകാവുന്ന വെറും തൊഴിലാളികളാണ് തങ്ങൾ എന്ന ക്രൂരവും ലളിതവുമായ യാഥാർഥ്യം മറന്നുള്ള വേഷം കെട്ടലാണ് മാധ്യമ പ്രവർത്തനത്തിൻ്റെ പേരിൽ കേരളത്തിൽ നടക്കുന്നതെന്ന് ഷാഹിന പറഞ്ഞു. പലയിടത്തും നോട്ടീസ് പിരീഡ് പോലും ഇല്ല.

മാധ്യമ ദേശീയത എന്ന പ്രത്യേകതരം ദേശീയത കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ടെന്ന് ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിൽ അവർ പറഞ്ഞു. തങ്ങളുടെ തൊഴിലിനെ സ്വയം ഒരു ദേശരാഷ്ട്രമായി സങ്കൽപിച്ച് അതിന് പുറത്തുള്ളവരെയൊക്കെ ശത്രുക്കളായി കരുതി അപരത്വം സൃഷ്ടിച്ച്‌ തങ്ങളുടേതായ ദേശീയവികാരത്തിനടിപ്പെട്ട് മാധ്യമ പ്രവർത്തകർ പ്രവർത്തിക്കുന്നതാണ് ഈ പ്രതിഭാസം.

ഇതിൽ തന്നെ രൂപപ്പെട്ടിട്ടുള്ള ഉപദേശീയതകളാണ് കൂടുതൽ അപകടകരം. ഏഷ്യാനെറ്റ്‌ ദേശീയത, മാതൃഭൂമി ദേശീയത, മനോരമ ദേശീയത എന്നിവയാണ് പ്രധാന ഉപദേശീയതകൾ. അതാത് ചാനലുകളിലെ തൊഴിലാളികൾ തങ്ങളുടെ തൊഴിലാളി സ്വത്വം പാടെ വിസ്മരിച്ച് സ്വന്തം നാട്ടുരാജ്യങ്ങളിലെ പ്രജകളായി തീരുകയും, തങ്ങളുടെ രാജ്യത്തിനു വേണ്ടി, 'അടിയൻ ലച്ചിപ്പോം 'എന്ന് ചാടി വീഴുകയും സോഷ്യൽ മീഡിയയാകുന്ന പോർക്കളത്തിൽ യുദ്ധം നയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നതാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. 'ഞാൻ തന്നെയാണ് ഏഷ്യാനെറ്റ്‌, ഞാൻ തന്നെയാണ് മനോരമ' എന്നൊക്കെ തോന്നുന്ന തരത്തിൽ, യുക്തി ചിന്ത നഷ്ടപ്പെട്ട്, വെറും അടിമകളും പ്രജകളുമായി മാറുന്ന അവസ്ഥയാണ് ഇതെന്നും ഷാഹിന പരിഹസിച്ചു.

Related Posts