വനിതാ ശാക്തീകരണത്തിന് കൊടകര ബ്ലോക്കിൻ്റെ "ഷീ വർക്ക് സ്പേസ്"

വനിതകൾക്ക് ജോലി ചെയ്യാൻ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി കൊടകര ബ്ലോക്ക് പഞ്ചായത്ത്‌. ജില്ലാ ഗ്രാമപഞ്ചായത്തുകളുടെ സഹായ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന അഭിമാന പദ്ധതിയാണ് ഷീ വർക്ക് സ്പേസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തൊഴിൽ അധിഷ്ഠിതമായ പദ്ധതികൾക്ക് രൂപം നൽകണമെന്ന സർക്കാരിൻ്റെ നിലപാടുകളിൽ നിന്നാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഉൽപ്പാദനം, ഐ ടി, ആരോഗ്യ മേഖല, വനിതാ യുവ സംരംഭകത്വം, വിദ്യാഭ്യാസം, പരിശീലനം, വ്യാപാരം എന്നിവയെല്ലാം ഒരു കുടക്കീഴിലാക്കുക എന്നതാണ് ബ്ലോക്ക് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

പദ്ധതിയുടെ ഡി പി ആർ പ്രകാശനം നവംബർ 21ന് രാവിലെ 9 മണിക്ക് കൊടകര ബ്ലോക്ക് പഞ്ചായത്തിൽ റവന്യൂമന്ത്രി കെ രാജൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ ബിന്ദുവിന് നൽകി പ്രകാശനം ചെയ്യും. എംഎൽഎ കെ കെ രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. എംപി ടി എൻ പ്രതാപൻ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ.ജിജു പി അലക്സ്‌ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ദേശീയപാതയോട് ചേർന്ന് കൊടകര വല്ലപ്പാടിയിൽ ബ്ലോക്കിൻ്റെ തന്നെ അധീനതയിലുള്ള ഒരു ഏക്കർ ഭൂമി ഉപയോഗപ്പെടുത്തി 28.95 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി പൂർത്തീകരിക്കുക. മൊത്തം 83390 ചതുരശ്ര അടി തറ വിസ്തീർണത്തിൽ 5 നിലകളിലായാണ് ഷീ വർക്ക് സ്പേസിനാവശ്യമായ കെട്ടിടം നിർമ്മിക്കുക. ആദ്യ ഘട്ടത്തിൽ 10.35 കോടി രൂപ വിനിയോഗിച്ച് 32260 ചതുരശ്ര അടിയും, രണ്ടാം ഘട്ടത്തിൽ 18.6 കോടി രൂപക്ക് 47130 ചതുരശ്ര അടിയും പൂർത്തിയാക്കും.2023 മാർച്ചിൽ ആദ്യഘട്ടം പൂർത്തിയാക്കും.

ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതി വിഹിതമായ ഒരു കോടി രൂപയും, ജില്ലാ പഞ്ചായത്ത് വിഹിതം നാലു കോടി രൂപയും, 7 ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായ 55 ലക്ഷം രൂപയും, ജില്ലാ ആസൂത്രണ സമിതി ഇൻസെന്റീവ് ഗ്രാൻഡ് ആയി 5 കോടി രൂപയും, ബാക്കി 20.4 കോടി രൂപ സംസ്ഥാന സർക്കാർ, കെ ഡസ്ക്, ലീപ് എന്നിവയിൽനിന്നുമുള്ള വിഹിതവുമാണ് പൂർത്തീകരണത്തിനു വിനിയോഗിക്കുക.

പദ്ധതിപ്രകാരം ആദ്യഘട്ടത്തിൽ 200 പേർക്കും രണ്ടാംഘട്ടത്തിൽ 598 പേർക്കും ഉൾപ്പെടെ 798 പേർക്കാണ് നേരിട്ട് ജോലി ലഭിക്കുക. ഒന്നാംഘട്ടത്തിൽ 250 പേർക്കും രണ്ടാംഘട്ടത്തിൽ 150 പേരും ഉൾപ്പെടെ 400 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. നിർമ്മാണമേഖലയിൽ ഇതുപ്രകാരം 48,000 തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനും സാധിക്കും.

Related Posts