കർഷകർ രൂപപ്പെടുത്തിയത് പുതിയൊരു പ്രക്ഷോഭ ജൈവവ്യവസ്ഥ : കെ സഹദേവൻ

വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭ പരിപാടികളിലൂടെ രാജ്യത്തെ കർഷകർ രൂപപ്പെടുത്തിയത് പുതിയൊരു പ്രക്ഷോഭ ജൈവവ്യവസ്ഥയെന്ന് പ്രമുഖ ചിന്തകനും ഗ്രന്ഥകർത്താവും ആക്റ്റിവിസ്റ്റുമായ കെ സഹദേവൻ. കർഷക സമരത്തിൻ്റെ തുടക്കം മുതൽ എഴുതിയ എണ്ണമറ്റ ഇംഗ്ലിഷ്, മലയാളം ലേഖനങ്ങളിലൂടെ സമരത്തിൻ്റെ രാഷ്ട്രീയത്തെ ജനങ്ങളിലേക്കെത്തിക്കുകയും പ്രക്ഷോഭത്തിൻ്റെ ദിശ നിർണയിക്കുന്നതിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം.

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സന്തോഷത്തിൻ്റെ അലയടി ഉയരുന്നത് കാണാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കർഷക സംഘടനകളുടെ തീരുമാനമെന്തായിരിക്കും എന്ന കാര്യത്തിൽ അൽപം പോലും ആശങ്കയുണ്ടായിരുന്നില്ല. മോദിയെ വിശ്വസിച്ച് സമര കൂടാരങ്ങൾ പൊളിച്ച് ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാൻ തങ്ങൾ തയ്യാറല്ലെന്ന് അസന്ദിഗ്ദമായിത്തന്നെ കർഷകർ പ്രഖ്യാപിച്ചു.

ഇന്ത്യൻ ഫാസിസത്തിൻ്റെ ശക്തി-ദൗർബല്യങ്ങളെ വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞ ഒരു സാമൂഹിക വിഭാഗം കർഷകരാണ് എന്ന നിരീക്ഷണവും അദ്ദേഹം നടത്തി. 2020 നവംബർ 26-ന് നടന്ന ദില്ലി ചലോ മാർച്ച് മുതൽ ഇക്കാര്യം പ്രകടമാണ്. സാമ്പ്രദായിക സമര രീതികളുടെ എല്ലാ തലങ്ങളെയും ഭേദിച്ചുകൊണ്ടായിരുന്നു കർഷക മുന്നേറ്റം. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയ്ക്കകത്ത് പുത്തനൊരു 'സ്ട്രഗ്ൾ ഇക്കോസിസ്റ്റം' രൂപപ്പെടുത്തിയെടുക്കാൻ അവർക്ക് കഴിഞ്ഞു. 'സഹനം', 'ക്ഷമ', 'അക്രമരാഹിത്യം', 'പരസ്പര വിശ്വാസം', 'പങ്കാളിത്തം', 'സഹകരണം', 'സഹജീവനം' തുടങ്ങി ഈ പ്രക്ഷോഭ ജൈവവ്യവസ്ഥയിലെ ഓരോ കണ്ണിയും ദൃഢപ്പെടുത്തി നിർത്താൻ ഓരോ കർഷകനും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.

പാഴായ വാഗ്ദാനങ്ങൾക്കും പൊള്ളയായ ഉറപ്പുകൾക്കും അക്രമങ്ങൾക്കും ഭീഷണികൾക്കും പ്രലോഭിപ്പിക്കാനോ പ്രകോപിപ്പിക്കാനോ ദുർബലപ്പെടുത്താനോ സാധിക്കാത്ത വിധം ശക്തവും ദൃഢവുമാണ് കർഷകർ സൃഷ്ടിച്ചെടുത്ത ഈ പ്രക്ഷോഭ ജൈവവ്യവസ്ഥയെന്ന് സഹദേവൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ജനാധിപത്യത്തിന് അത് നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.

Related Posts