മാധ്യമ പ്രവർത്തകർക്ക് വംശനാശം, സിംഹവാലൻ കുരങ്ങിന് നൽകുന്ന പരിഗണന തങ്ങൾക്കും വേണമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ
രാജ്യത്തെ മാധ്യമ പ്രവർത്തകരുടെ എണ്ണം അഞ്ചുവർഷത്തിനുള്ളിൽ 10.30 ലക്ഷത്തിൽ നിന്ന് 2.30 ലക്ഷമായി കുറഞ്ഞെന്ന് സെന്റർ ഫോർ മോണിറ്ററിങ്ങ് ഓഫ് ഇന്ത്യൻ ഇക്കോണമിയുടെ റിപ്പോർട്ട്. 78 ശതമാനം പേരാണ് ഈ മേഖലയിൽ തൊഴിൽ രഹിതരാവുകയോ വേറെ തൊഴിൽ തേടി പോവുകയോ ചെയ്തത്.
ദേശീയ തലത്തിൽ സി എം ഐ ഇ റിപ്പോർട്ട് വലിയ ചർച്ചയായിട്ടുണ്ട്. ഒനിന്ത്യോ ചക്രവർത്തി ഉൾപ്പെടെനിരവധി മാധ്യമ പ്രവർത്തകരാണ് സി എം ഐ ഇ യുടെ പുതിയ റിപ്പോർട്ട് പങ്കുവെച്ചു കൊണ്ട് ആശങ്കകൾ രേഖപ്പെടുത്തുന്നത്. രാജ്യത്ത് മാധ്യമരംഗം നേരിടുന്ന നിരവധി വെല്ലുവിളികളെ പറ്റിയുള്ള സംവാദങ്ങൾക്ക് റിപ്പോർട്ട് തുടക്കം കുറിച്ചേക്കും.
മാധ്യമ പ്രവർത്തകർക്ക് വംശനാശം സംഭവിക്കുന്ന ഈ അവസ്ഥയെ കാര്യമായി കണക്കിലെടുക്കണമെന്നും സിംഹവാലൻ കുരങ്ങിന് നൽകുന്ന പരിഗണന തങ്ങൾക്കും നൽകണമെന്നുമാണ് പ്രമുഖ മലയാളി മാധ്യമ പ്രവർത്തകൻ ശ്രീജൻ ബാലകൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ അസോസിയേറ്റ് എഡിറ്ററായ ബി ശ്രീജൻ്റെ പോസ്റ്റിലാണ് സി എം ഐ ഇ റിപ്പോർട്ടിനെ ഉദ്ധരിച്ചു കൊണ്ടുള്ള രസകരമായ അഭ്യർഥനയുള്ളത്. ഒനിന്ത്യോ ചക്രവർത്തിയുടെ ട്വീറ്റിൻ്റെ സ്ക്രീൻ ഷോട്ട് കൂടി അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. പത്രം വരുത്തിയും കേബിൾ ടി വി വരിസംഖ്യ അടച്ചും നല്ല ഓൺലൈൻ മാധ്യമങ്ങളെ സബ്സ്ക്രൈബ് ചെയ്തും മാധ്യമ പ്രവർത്തനത്തെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു.
ശ്രീജൻ ബാലകൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റ് അതേ രൂപത്തിൽ താഴെ:
2016 സെപ്റ്റംബർ മാസത്തിൽ 10.30 ലക്ഷം ആൾക്കാർ ആണ് ഇന്ത്യയിലെ മാധ്യമ - പ്രസാധന രംഗത്ത് ജോലി ചെയ്തിരുന്നത്. കൃത്യം അഞ്ച് വർഷം കഴിഞ്ഞപ്പോൾ, 2021 ഓഗസ്റ്റിൽ അവരുടെ എണ്ണം 2.30 ലക്ഷം ആയി. അതായത് 78% പേർ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് തൊഴിൽ രഹിതരാവുകയോ വേറെ തൊഴിൽ തേടി പോകുകയോ ചെയ്‌തു. സെന്റർ ഫോർ മോണിറ്ററിങ് ഓഫ് ഇന്ത്യൻ ഇക്കോണമി (CMIE) യുടെ പുതിയ പഠനത്തിലെ കണ്ടെത്തലാണിത്.
ചുരുക്കി പറഞ്ഞാൽ, Endangered Species ആണ്; സിംഹവാലൻ കുരങ്ങിന് ഒക്കെ നൽകുന്ന ഒരു പരിഗണന ഞങ്ങൾക്കും നൽകണം. പത്രം വരുത്തണം, കേബിൾ ടിവി വരിസംഖ്യ അടക്കണം, നല്ല ഓൺലൈൻ മാധ്യമങ്ങൾക്കു വരിസംഖ്യ നൽകി പിന്തുണയ്ക്കണം. #media #journalism