കോവിഡ് കാലത്തിനു ശേഷം പീച്ചി ശുദ്ധജല അക്വേറിയം തുറന്നു
അക്വേറിയം കാണാൻ ഇനി പീച്ചിയിലേക്കെത്താം
കാത്തിരിപ്പിനൊടുവിൽ പീച്ചി ശുദ്ധജല അക്വേറിയം പൊതുജനങ്ങൾക്കായി തുറന്നു നൽകി. അലങ്കാര മത്സ്യങ്ങളുടെ പ്രദർശനത്തിന് പുറമേ നാടൻ മത്സ്യങ്ങളുടെ പ്രദർശനവും അക്വേറിയത്തിൽ ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ നവീകരിച്ച അക്വേറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പീച്ചി ബോട്ടാണിക്കൽ ഗാർഡനിലേക്ക് പോകുന്ന വഴിയിൽ സർക്കാർ ഹാർബറിന് സമീപമാണ് ശുദ്ധജല അക്വേറിയം. 850 ചതുരശ്ര അടി വലിപ്പമുള്ള ശുദ്ധജല അക്വേറിയം അതിമനോഹരമായാണ് നവീകരിച്ചിരിക്കുന്നത്. അലങ്കാര മത്സ്യങ്ങളെ ആസ്വദിക്കുന്നതോടൊപ്പം പുതുതലമുറയ്ക്ക് നാടൻ മത്സ്യങ്ങളെ തിരിച്ചറിയുവാനും പഠിക്കുവാനും ഉള്ള സാഹചര്യം കൂടി ഇത്തവണ ഒരുക്കിയിട്ടുണ്ട്. അലങ്കാര മത്സ്യക്കുഞ്ഞുങ്ങളുടെ വിപണനം, സെറ്റ് ചെയ്ത അക്വേറിയങ്ങളുടെ വിൽപ്പന എന്നിവയെല്ലാം ഇതിനോട് അനുബന്ധിച്ചു ലഭിക്കും. ആവശ്യക്കാർക്ക് അക്വേറിയം സെറ്റ് ചെയ്തു കൊടുക്കാനും വിദഗ്ധരായവരുടെ സേവനം ഇവിടെ നിന്നും ലഭ്യമാകും.
രാവിലെ 9 മുതൽ വൈകിട്ട് ആറുമണിവരെയാണ് സന്ദർശക സമയം. വേനലവധി പ്രമാണിച്ച് വൈകിട്ട് 7 മണി വരെ സമയം നീട്ടിയേക്കും. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവും 10 വയസ്സിന് മുകളിലുള്ളവർക്ക് അഞ്ച് രൂപ നിരക്കിലും ആയിരിക്കും പ്രവേശനം.
പീച്ചി പട്ടികജാതി പട്ടികവർഗ്ഗ റിസർവോയർ ഫിഷറീസ് സഹകരണ സംഘം 2016 ൽ നിർമ്മിച്ച അക്വേറിയം ജില്ലാ പഞ്ചായത്തിൻറെ സഹകരണത്തോടുകൂടിയാണ് ഇപ്പോൾ നവീകരിച്ചിരിക്കുന്നത്. 2018ലെ പ്രളയത്തിനും കോവിഡ് മഹാമാരിക്കും ശേഷം സന്ദർശകരുടെ വരവ് കുറഞ്ഞതിനാൽ സാമ്പത്തിക പ്രതിസന്ധി മൂലം അക്വേറിയം താൽക്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു.
എസ് സി/എസ് ടി റിസർവോയർ ഫിഷറീസ് സംഘം പ്രസിഡൻറ് അംബിക ചിദംബരം അധ്യക്ഷയായി. സെക്രട്ടറി ജോമോൾ സി ബേബി, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സംഘം ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.