ഗോഡൗണുകളിൽ ഭക്ഷ്യമന്ത്രിയുടെ മിന്നൽ സന്ദർശനം
ജില്ലയിൽ ഭക്ഷ്യവിതരണത്തിലെ ഗുണമേന്മ ഉറപ്പ് വരുത്താൻ ഗോഡൗണുകളിൽ മിന്നൽ സന്ദർശനം നടത്തി ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. എഫ് സി ഐ ഗോഡൗൺ, സപ്ലൈക്കോയുടെ നിയന്ത്രണത്തിലുള്ള എൻ എഫ് എസ് എ ഗോഡൗൺ, ജില്ലാ താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലാണ് ഭക്ഷ്യമന്ത്രി സന്ദർശനം നടത്തിയത്.
എൻ എഫ് സി ഐ ഗോഡൗണിൽ പൊട്ടിയ നിലയിൽ ബാഗുകൾ കണ്ടെത്തിയതിന് മന്ത്രി ജീവനക്കാരോട് വിശദീകരണം ചോദിച്ചു. എഫ് സി ഐയിൽ നിന്ന് എത്തുന്ന പൊട്ടിയ ബാഗുകൾ വീണ്ടും പാക്ക് ചെയ്ത് വിതരണത്തിന് എത്തിക്കേണ്ടി വരുന്നുണ്ടെന്ന് ജീവനക്കാർ വിശദീകരിച്ചു.
എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് പരിഹാര നടപടികൾ ഉണ്ടാകണമെന്ന് മന്ത്രി ജീവനക്കാർക്ക് നിർദ്ദേശം നൽകി.
എഫ് സി ഐ യിൽ നിന്നും വിതരണം ചെയ്യാൻ കഴിയാത്ത പഴകിയ സാധനങ്ങൾ എത്തുന്നുണ്ടെന്നും ഇതിന് പെട്ടെന്ന് തന്നെ പരിഹാരം കാണുമെന്നും സന്ദർശനത്തിന് ശേഷം മന്ത്രി അറിയിച്ചു.
താലൂക്ക് സപ്ലൈ ഓഫീസിൻ്റെ ഫ്രണ്ട് ഓഫീസിൽ സന്ദർശനം നടത്തിയ മന്ത്രി പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.എം എൽ എ പി ബാലചന്ദ്രൻ, സപ്ലൈക്കോ ഉദ്യോഗസ്ഥർ, തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.