ഇത്തരം വസ്ത്രം ധരിക്കാൻ നാണമില്ലേ; വിമർശനങ്ങൾക്കെതിരെ മറുപടിയുമായി മലൈക അറോറ
ബോളിവുഡിൽ ട്രോളുകൾ നേരിടുന്ന നടിമാരിൽ മുന്നിലാണ് സ്റ്റൈൽ ഐക്കൺ മലൈക അറോറ. താരത്തിന്റെ വർക്ക് ഔട്ട് വിഡിയോകളും ലുക്കുകളെല്ലാം സോഷ്യൽമീഡിയയിൽ വൈറലാവാറുണ്ട്. ഫർഹാൻ അക്തറിന്റേയും ഷിബാനി ദണ്ഡേക്കറുടേയും വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ മലൈകയുടെ വസ്ത്രധാരണത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
വിവാഹത്തിന് ബ്ലാക് ഷീർ ഗൗൺ ധരിച്ചെത്തിയ താരത്തിന്റെ വിഡിയോയും ചിത്രങ്ങളും പ്രചരിച്ചതോടെ വൻ വിമർശനമാണ് നേരിടേണ്ടിവന്നത്. ഇത്തരം വസ്ത്രം ധരിക്കാൻ നാണില്ലേ എന്നും സ്വന്തം പ്രായമെങ്കിലും പരിഗണിച്ചു കൂടെ എന്നുമുള്ള തരത്തില്‍ നിരവധി കമന്റുകളെത്തി. പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.
‘‘അത് വളരെ മനോഹരമായ വസ്ത്രമാണെന്നു മാത്രമാണ് ഞാൻ കേട്ടത്. ജനം ഇരട്ടത്താപ്പുകാരാണ് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇതേ വസ്ത്രം റിയാനയോ ജെന്നിഫർ ലോപ്പസോ ബിയോൻസയോ ധരിച്ചാൽ മനോഹരം പറയും. എന്നാൽ ഞാൻ ധരിച്ചാൽ ‘അവൾ എന്താണ് ചെയ്യുന്നത്? അവളൊരു അമ്മയല്ലേ, അതല്ലേ ഇതല്ല..’ എന്നിങ്ങനെയാവും പ്രതികരണം. ഇത് ഇരട്ടത്താപ്പല്ലേ?. ഇതേ വസ്ത്രം ധരിച്ച ഒരാളെ അഭിനന്ദിക്കുന്ന നിങ്ങൾ മറ്റൊരാളെ അതേ വസ്ത്രത്തിന്റെ പേരിൽ വിമർശിക്കുന്നു’’– മലൈക പറഞ്ഞു. ഇത്തരം ട്രോളുകൾ തന്നെ അലട്ടാറില്ലെങ്കിലും അച്ഛനേയും അമ്മയേയും ഇതൊക്കെ അസ്വസ്ഥരാക്കാറുണ്ട് എന്നാണ് താരം പറയുന്നത്.