മമ്മൂട്ടിയുടെ 'പുഴു' വിന് ക്ലീൻ യു സെൻസർ ക്ലിയറൻസ്
മമ്മൂക്ക ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. ഏറെ നാളുകൾക്ക് ശേഷമാണ് താരം ഒരു ക്രൈം ത്രില്ലർ ഴോണറിലുള്ള ചിത്രത്തിൽ അഭിനയിക്കുന്നത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന് സൂചനയുണ്ട്. പാർവതി തിരുവോത്ത് ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. മരണത്തിന് മുമ്പായി നെടുമുടിവേണു പൂർത്തിയാക്കിയ ചിത്രം കൂടിയാണ് പുഴു. നവാഗതയായ രത്തീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സെൻസർ ബോർഡ് ക്ലീൻ യു സർട്ടിഫിക്കറ്റ് നൽകിയ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരാണ്. സിൻ സിൽ സെല്ലുലോയ്ഡിൻ്റെ ബാനറിൽ എസ് ജോർജ് നിർമിക്കുന്ന ചിത്രത്തിൻ്റെ സഹ നിർമാണവും വിതരണവും ദുൽഖർ സൽമാൻ്റെ വേഫെയറർ ഫിലിംസാണ്.
ഹർഷാദിൻ്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഷറഫും സുഹാസും ചേർന്നാണ്. റാമിൻ്റെ പേരൻപിലൂടെ ശ്രദ്ധേയനായ തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ബാഹുബലിയുടെ കലാ സംവിധായകൻ മനു ജഗദ് കലാസംവിധാനം നിർവഹിക്കുന്നു. സംഗീത സംവിധാനം ജെയ്ക്സ് ബിജോയ്. ചിത്രം സോണി ലിവിൽ ഒ ടി ടി റിലീസിനാണ് ഒരുങ്ങുന്നതെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുതിയ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോ എന്നത് വ്യക്തമല്ല.
നിലവിൽ യു, യു/എ, എ, എസ് എന്നീ നാലു വിഭാഗങ്ങളിലാണ് സെൻസർ ബോർഡ് സർടിഫിക്കറ്റ് നൽകുന്നത്. 'യു' യൂണിവേഴ്സൽ ആണ്. എല്ലാവർക്കും കാണാവുന്ന ക്ലീൻ ചിത്രങ്ങൾ. കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം കാണേണ്ട ചിത്രങ്ങൾക്കാണ് 'യു/എ' നൽകുന്നത്. ചിത്രത്തിലെ ചില ദൃശ്യങ്ങൾ കുട്ടികളെ സ്വാധീനിക്കാൻ ഇടയുള്ളതിനാലാണ് രക്ഷിതാക്കൾക്കൊപ്പം കാണണമെന്ന് നിർദേശിക്കുന്നത്. 'എ' സർടിഫിക്കറ്റ് ലഭിച്ചവ പ്രായപൂർത്തിയായവർ മാത്രം കാണേണ്ടതാണ്. 'എസ് ' സർടിഫിക്കറ്റുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങൾക്ക് മാത്രമേ കാണാനാവൂ.