മേധാ പട്‌കർ ഗുജറാത്തിൽ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകും: ബിജെപി
ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സാമൂഹിക പ്രവർത്തക മേധാ പട്കർ മത്സരിക്കുമെന്ന് ബിജെപി വക്താവ് പറഞ്ഞു. പാർട്ടി ഭേദമന്യേ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് എല്ലാവരും ഉറ്റുനോക്കുന്നതിനിടെയാണ് മുംബൈ ബിജെപി വക്താവ് സുരേഷ് നഖുവയുടെ അവകാശവാദം. "എനിക്കുകിട്ടുന്ന വിവരം അനുസരിച്ച് ഇന്ത്യാവിരുദ്ധ, വികസനവിരുദ്ധ, ഗുജറാത്ത് വിരുദ്ധ മേധാ പട്കറിനെ ആയിരിക്കും ഗുജറാത്തിലെ മുഖ്യമന്ത്രി പദത്തിലേക്കു അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിക്കുക," നഖുവ ട്വീറ്റ് ചെയ്തു. ഈ വർഷം ഡിസംബറിലാണ് ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എഎപി ടിക്കറ്റിൽ മേധാ പട്കർ മത്സരിച്ചിരുന്നു. അതേസമയം, മേധാ പട്കറിനെ രാഷ്ട്രീയ പിന്തുണയോടെ ‘അർബൻ നക്സൽ’ എന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വിശേഷിപ്പിച്ചു.