സംസ്ഥാനത്ത് 200 വില്ലേജുകളിൽ ഒരേസമയം ഡിജിറ്റൽ സർവ്വെ ആരംഭിക്കുന്നു : മന്ത്രി കെ രാജൻ
തൃശൂർ: സംസ്ഥാനത്ത് 200 വില്ലേജുകളിൽ ഒരേസമയം ഡിജിറ്റൽ സർവ്വെ ആരംഭിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. മാടക്കത്തറ ഗ്രാമ പഞ്ചായത്തിലെ മാറ്റാംപുറത്ത് എം എൻ ലക്ഷം വീട് പദ്ധതിയിൽപ്പെട്ട വീടുകളുടെ പുനർ നിർമ്മാണവും ഇരട്ട വീടുകൾ ഒറ്റ വീടാക്കുന്ന പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2022ൽ തണ്ട പേരും ആധാറും കൂടി ബന്ധിപ്പിക്കുന്നതോടെ 15 ഏക്കറിൽ കൂടുതലുള്ള ഭൂമികൾ സർക്കാരിന് ലഭിക്കും. ഇത് ഭൂമി ഇല്ലാത്തവർക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് എം എൻ ലക്ഷം വീട് പദ്ധതിക്ക് വേണ്ടി സ്പെഷ്യൽ ബംബർ ലോട്ടറി നടത്തി സമാഹരിച്ച തുക വിനിയോഗിച്ച് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എം എൻ ലക്ഷം വീട് പദ്ധതിയിൽപ്പെട്ട വീടുകളുടെ പുനർ നിർമ്മാണവും ഇരട്ട വീടുകൾ ഒറ്റ വീടാക്കുന്ന പദ്ധതിയും നടപ്പിലാക്കുന്നത്.
മാറ്റാംപുറത്തെ 30 ലക്ഷംവീടുകളാണ് ഒറ്റ വീടുകളാകുന്നത്. ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ച് കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡാണ് വീടുകൾ നിർമ്മിക്കുന്നത്. പുനർനിർമ്മാണത്തിനും ഒറ്റ വീടുകൾ ഇരട്ട വീടുകളാക്കുന്നതിനും 4 ലക്ഷം രൂപയാണ് ഒരു വീടിന് ധന സഹായം ലഭിക്കുന്നത്. ജില്ലയിൽ ആദ്യമായി ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത് മാടക്കത്തറ ഗ്രാമ പഞ്ചായത്തിലാണ്.
മാറ്റാംപുറത്ത് ലക്ഷം വീട്ടിൽ നടന്ന പരിപാടിയിൽ ഒല്ലൂക്കര ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയൻ, മാടക്കത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, സെക്രട്ടറി രജേശ്വരി, ഒല്ലൂക്കര ബ്ലോക്ക് മെമ്പർ സുരേഷ് ബാബു, മെമ്പർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.