ഇരിങ്ങാലക്കുട മണ്ഡലത്തില്‍ സംയോജിത കൃഷിക്ക് രൂപം നല്‍കും: മന്ത്രി ആര്‍ ബിന്ദു

ഇരിഞ്ഞാലക്കുട മണ്ഡലം മുഴുവന്‍ സംയോജിത കൃഷി പദ്ധതിക്ക് രൂപം നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. മണ്ഡലത്തില്‍ ഒന്നാമത്തെ പരിഗണന കാര്‍ഷിക മേഖലയ്ക്ക് നല്‍കും. കൃഷി സംസ്‌കാരമായി വീണ്ടെടുത്ത് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. മുരിയാട് ഗ്രാമപഞ്ചായത്ത് ഔഷധ ഗ്രാമം പദ്ധതിയുടെയും ഔഷധ സസ്യകൃഷി സെമിനാറിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

കാര്‍ഷികമേഖലയെ ഒഴിവാക്കി നാടിന്റെ വികസന പ്രക്രിയ മുന്നോട്ടു പോകാനാകില്ല. കര്‍ഷകര്‍ക്ക് വിപണി ഉറപ്പാക്കുന്നതിലൂടെ മാത്രമാണ് കൃഷിയെ മെച്ചപ്പെടുത്താന്‍ കഴിയുക. ഔഷധഗ്രാമം പദ്ധതി സംസ്ഥാനത്താകെ മാതൃകയാക്കാവുന്നതാണെന്നും നമ്മുടെ നാട്ടിലെ തരിശുഭൂമിയെ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും ഔഷധ മേഖലയില്‍ അസംസ്‌കൃതവസ്തുക്കള്‍ക്കുള്ള ലഭ്യതക്കുറവും പരസ്പരം ബന്ധിപ്പിക്കാന്‍ ഔഷധ ഗ്രാമം പദ്ധതിക്ക് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗ്രീന്‍ മുരിയാട് ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ 10 ഏക്കര്‍ കൃഷിയിടത്തിലാണ് കുറുന്തോട്ടി കൃഷിക്ക് തുടക്കം കുറിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കി കൊണ്ടാണ് ഔഷധ കൃഷി ആരംഭിക്കുന്നത്. മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി, ഔഷധ സസ്യ ബോര്‍ഡ് ആയുഷ് ഗ്രാമം, കൃഷിഭവന്‍ തുടങ്ങിയവയുടെ സഹകരണത്തോടെ കൂടിയാണ് ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ചന്ദ്രന്‍, ഔഷധ സസ്യ ബോര്‍ഡ് സിഇഒ ഡോ ടി കെ ഹൃദിക് എന്നിവര്‍ മുഖ്യതിഥികളായി. മുരിയാട് കൃഷി ഓഫീസര്‍ കെ യു രാധിക പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സരിത സുരേഷ്, മറ്റത്തൂര്‍ ലേബര്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘം പ്രസിഡണ്ട് സി വി രവി, പഞ്ചായത്ത് സെക്രട്ടറി പി പ്രജീഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ യു വിജയന്‍, രതി ഗോപി, ശ്രീജിത്ത് പട്ടത്ത്, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എം എസ് നൗഷാദ്, കൃഷിഭവന്‍ ഇരിഞ്ഞാലക്കുട അസിസ്റ്റന്റ് ഡയറക്ടര്‍ എസ് മിനി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഡോ എല്‍ പയസ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി പ്രശാന്ത്, ഡോ എ ആര്‍ നിരഞ്ജന, കെ ശീതള്‍ എന്നിവര്‍ കര്‍ഷകരുമായി സംവദിച്ചു.

Related Posts