ഐടിഐകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നടപടിയെടുക്കും: മന്ത്രി വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ലോകത്തിന് മാതൃകയാക്കിയതുപോലെ ഐടിഐകളിലെ സൗകര്യങ്ങളും മെച്ചപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി വർത്തമാന കാലഘട്ടത്തിനനുസൃതമായ കോഴ്സുകളും നവീകരിച്ച കെട്ടിടങ്ങളും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിനോട് അനുബന്ധിച്ച് പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ സർക്കാർ എറിയാട് ഐ ടി ഐയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പൊതു-സ്വകാര്യ മേഖലയിലെയും സാങ്കേതിക മേഖലയിലെയും വിദ്യാർത്ഥികൾ ലോകത്തിന്റെ ഏത് കോണിലും മത്സര അടിസ്ഥാനത്തിൽ മുന്നേറാനുള്ള ശേഷി കൈവരിക്കാൻ തൊഴിലധിഷ്ഠിത നൂതന കോഴ്സുകൾ ആരംഭിക്കണം. സംസ്ഥാന സർക്കാരിന്റെ രണ്ടാം ബജറ്റിൽ 20,000 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി വകയിരുത്തിയിരിക്കുന്നത്. അതിൽ തീരദേശങ്ങളിൽ കൂടുതൽ ഐ ടി ഐകൾ ആരംഭിക്കാനും തീരദേശ കുട്ടികൾക്ക് താൽപര്യമുള്ള വിഷയങ്ങൾ ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിന് വേണ്ടി എല്ലാവിധ സഹായവും ഒരുക്കുമെന്നും എറിയാട് ഗവൺമെന്റ് ഐടിഐയുടെ ഉദ്ഘാടനം അതിനൊരു തുടക്കമാണെന്നും മന്ത്രി പറഞ്ഞു. 13 വർഷമായി എറിയാട് ഗ്രാമപഞ്ചായത്തിന്റെ താൽക്കാലിക കെട്ടിടത്തിലാണ് ഐ ടി ഐ പ്രവർത്തിച്ചിരുന്നത്. 2 കോടി 95 ലക്ഷം രൂപ ചെലവഴിച്ചാണ് ഐ ടി ഐയുടെ പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. സ്ഥാപനത്തിലെ 2021 അഖിലേന്ത്യ ട്രേഡ്ടെസ്റ്റിൽ ഉന്നത വിജയം നേടിയ ട്രെയിനികളെ അനുമോദിച്ചു. നോർക്ക കോഴ്സ് വിജയകരമായി പൂർത്തീകരിച്ച ട്രെയിനികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി.
ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബെന്നി ബഹനാൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ എന്നിവർ വിശിഷ്ടാതിഥികളായി. വ്യവസായ പരിശീലന വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, എക്സിക്യൂട്ടീവ് എൻജിനീയർ പൊതുമരാമത്ത് വിഭാഗം ബിജി പി വി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.