ഇരുവർ ഇറങ്ങിയിട്ട് 25 വർഷം; ഓർമ പുതുക്കി മോഹൻലാൽ

ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളും കാണാപ്പുറങ്ങളും ഉൾപ്പിരിവുകളും മനോഹരമായി ദൃശ്യവത്കരിച്ച സിനിമയാണ് ഇരുവർ. 1997-ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഒരേ സമയം ജനപ്രീതിയും നിരൂപക പ്രശംസയും പിടിച്ചുപറ്റി. തമിഴ്, മലയാളം, തെലുഗ് ഭാഷകളിൽ കാൽ നൂറ്റാണ്ട് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന് ഇപ്പോഴും ആരാധകരുണ്ട് എന്നത് വിസ്മയകരമായ യാഥാർഥ്യമാണ്.

ഇരുവർ ഇറങ്ങിയിട്ട് ഇരുപത്തഞ്ച് വർഷമായെന്നും തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും ആവേശകരവും അവിസ്മരണീയവുമായ മുഹൂർത്തങ്ങൾ സമ്മാനിച്ച ചിത്രമാണ് ഇരുവർ എന്നും ഇൻസ്റ്റഗ്രാമിൽ മോഹൻലാൽ കുറിച്ചു.

തമിഴക രാഷ്ട്രീയത്തിലെ കുലപതികളായ എം ജി ആറിന്റെയും എം കരുണാനിധിയുടെയും ജീവിതകഥ പറഞ്ഞ ചിത്രത്തിൽ മോഹൻലാലും പ്രകാശ് രാജുമാണ് മുഖ്യ വേഷങ്ങളിൽ എത്തിയത്. ആനന്ദൻ എന്നായിരുന്നു ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. തമിഴ് സെൽവൻ എന്ന കഥാപാത്രത്തെയാണ് പ്രകാശ് രാജ് അവതരിപ്പിച്ചത്. ഗോപുര വാസലിലേ എന്ന ചിത്രത്തിൽ അതിഥി വേഷം ചെയ്ത മോഹൻലാൽ ആദ്യമായി ഒരു മുഴുനീള വേഷം ചെയ്ത തമിഴ് ചിത്രം കൂടിയായിരുന്നു ഇരുവർ.

ലോകസുന്ദരി ഐശ്വര്യ റായ് വെളളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത് ഇരുവരിലൂടെയാണ്. രേവതി, ഗൗതമി, നാസർ, തബു ഉൾപ്പെടെ വമ്പൻ താരനിര തന്നെ അണിനിരന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത് എ ആർ റഹ്മാനാണ്. വൈരമുത്തു ആണ് ഗാനരചന നിർവഹിച്ചത്. സന്തോഷ് ശിവനായിരുന്നു ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. മണിരത്നത്തിന്റെ ഭാര്യയും പ്രശസ്ത അഭിനേത്രിയുമായ സുഹാസിനിയാണ് സംഭാഷണം എഴുതിയത്.

നിരവധി സംസ്ഥാന അവാർഡുകൾക്കു പുറമേ പ്രകാശ് രാജിന് മികച്ച സഹനടനും സന്തോഷ് ശിവന് മികച്ച ഛായാഗ്രാഹകനുമുള്ള ദേശീയ പുരസ്കാരങ്ങളും ചിത്രം നേടിക്കൊടുത്തു.

Related Posts