അടുത്ത 25 വർഷം കൊണ്ട് ഇന്ത്യ ലോകശക്തിയാകുമെന്ന് മുകേഷ് അംബാനി
അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യ 40 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. 2047 ഓടെ സാമ്പത്തികാടിസ്ഥാനത്തിൽ ഇന്ത്യ 13 മടങ്ങ് വളരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള പ്രധാന ശക്തി ക്ലീൻ എനർജി വിപ്ലവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നിൽ. ഗൗതം അദാനിയെക്കാൾ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് മുകേഷ് അംബാനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. 2050ഓടെ ഇന്ത്യ 40 ട്രില്യൺ ഡോളറിന്‍റെ സമ്പദ് വ്യവസ്ഥയായി മാറുമെന്നാണ് അദാനിയുടെ വിലയിരുത്തൽ. സാമൂഹിക-സാമ്പത്തിക രംഗത്തെ ഒരു വലിയ മാറ്റം ഇതിന് ശക്തി പകരുമെന്ന് അദ്ദേഹം പറഞ്ഞു. "നിലവിൽ 3 ട്രില്യൺ ഡോളറിന്‍റെ രാജ്യമാണ് ഇന്ത്യ. 40 ട്രില്യൺ ഡോളറിന്‍റെ രാജ്യമായി മാറുക എന്നതാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. ആ സമയത്ത്, ലോകത്തിലെ മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറും" അംബാനി പറഞ്ഞു. 2047ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 100 വർഷം പൂർത്തിയാക്കും. ഈ സാഹചര്യത്തിൽ മുകേഷ് അംബാനിയുടെ വാക്കുകൾ ഇന്ത്യക്കാർക്ക് വലിയ പ്രതീക്ഷയാണ്.