നിർമല സീതാരാമൻ്റെ നാലാം ബജറ്റ്; ഗ്രാമീണ, കാർഷിക മേഖലയിൽ ഉയർന്ന വകയിരുത്തലിന് സാധ്യത
നാലാമത്തെ ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ തുക വകയിരുത്താൻ സാധ്യത. എന്നാൽ കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പരിമിതികൾ മൂലം അധിക ആനുകൂല്യങ്ങൾക്കും ക്ഷേമ പദ്ധതികൾക്കുമുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ ഞെരുക്കത്തിൽ നിന്ന് കഴിഞ്ഞ വർഷമാണ് രാജ്യം കരകയറിയത്. ഏപ്രിൽ 1-ന് ആരംഭിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ 2019-ലെ നിലവാരത്തിനപ്പുറമുള്ള വളർച്ചാ നടപടികൾ പ്രഖ്യാപിക്കാൻ ഇടയുണ്ട്.
ആദായനികുതി നിരക്കുകളിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല. എന്നാൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനിടയിൽ ഒഴിവാക്കൽ പരിധി 2.5 ലക്ഷത്തിനപ്പുറം ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർഷിക സാമ്പത്തിക സർവേ 8-നും 8.5 ശതമാനത്തിനും ഇടയിലുള്ള സാമ്പത്തിക വളർച്ചയാണ് മുന്നോട്ടുവെച്ചത് എന്നത് ശ്രദ്ധേയമാണ്. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഗ്രാമീണ, കാർഷിക മേഖലയിൽ ഉയർന്ന വകയിരുത്തൽ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
2025-ഓടെ സമ്പദ്‌വ്യവസ്ഥയെ 5 ട്രില്യൺ ഡോളറായി ഉയർത്തുമെന്ന പ്രഖ്യാപനം നിലനിൽക്കേ നിക്ഷേപവും തൊഴിലവസരങ്ങളും അതിനനുസൃതമായി ത്വരിതപ്പെടുത്തേണ്ടതുണ്ട്. ആ നിലയിൽ വൻതോതിലുള്ള നിക്ഷേപ പദ്ധതികൾ മുന്നോട്ട് വെയ്ക്കുമെന്നും പരക്കെ പ്രതീക്ഷിക്കപ്പെടുന്നു. റോഡ്, റെയിൽവേ ഉൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ വിഹിതം അനുവദിക്കാനിടയുണ്ട്.
ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ലളിതവൽക്കരണം, ഡിജിറ്റൈസേഷൻ, ഈസ് ഓഫ് ഡൂയിങ്ങ് ബിസ്നസ് തുടങ്ങിയവയിലും ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വർഷം, ധനക്കമ്മി പ്രതീക്ഷിക്കുന്നത് 6.3 ശതമാനമാണ്. 6.8 ശതമാനം ധനക്കമ്മിയാണ് കണക്കു കൂട്ടിയിരുന്നത്. ഉയർന്ന നികുതി വരുമാനവും പരിമിതമായ ചെലവുകളും ഉയർന്ന ജിഡിപി വളർച്ചയും ധനക്കമ്മിയെ പിടിച്ചുനിർത്താൻ സഹായിക്കും എന്നാണ് കരുതുന്നത്.