മതിലകം ബ്ലോക്കിൽ  ഏകദിന ആരോഗ്യമേള

ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനസ് നാലാം വാർഷികത്തോട് അനുബന്ധിച്ച് മതിലകം ബ്ലോക്ക് പഞ്ചായത്തിൽ ഏകദിന ആരോഗ്യമേള സംഘടിപ്പിച്ചു. ഒ.എൽ.എസ് ഗേൾസ് സ്കൂളിൽ നടന്ന ആരോഗ്യമേള ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ  കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും  ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെ നടത്തിയ ഘോഷയാത്രയിലൂടെയാണ് ആരോഗ്യമേള ആരംഭിച്ചത്. മേളയോടനുബന്ധിച്ച് അലോപ്പതി, ആയുർവ്വേദം, ഹോമിയോ വിഭാഗങ്ങളുടെ പ്രദർശന സ്റ്റാളുകൾ, വൈദ്യപരിശോധന ക്യാമ്പുകൾ, ആരോഗ്യസെമിനാർ, കലാകായിക മേളകൾ എന്നിവ സംഘടിപ്പിച്ചു.

സർക്കാരിൻ്റെ ആരോഗ്യ പദ്ധതികൾ, വിവിധ ആരോഗ്യ സേവനങ്ങൾ എന്നിവയെ പറ്റി പൊതുസമൂഹത്തിൽ അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്  റവന്യൂ- ബ്ലോക്ക് അടിസ്ഥാനത്തിൽ ആരോഗ്യമേളകൾ നടത്തുന്നത്. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, മതിലകം ബ്ലോക്കിന് കീഴിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Posts