കുട്ടിമാമ ഞാൻ ഞെട്ടി മാമ; അജിത്തിൻ്റെ 'വലിമൈ' കണ്ട പേളി മാണിയുടെ പ്രതികരണം
അർജുൻ കുമാർ എന്ന ഐ പി എസ് ഓഫീസറുടെ വേഷത്തിൽ തല അജിത്ത് തകർത്തഭിനയിച്ച വലിമൈ കണ്ട് താൻ ഞെട്ടിത്തരിച്ചെന്ന് അവതാരകയും അഭിനേത്രിയുമായ പേളി മാണി. എന്തൊരു ഗംഭീര ചിത്രമാണ് വലിമൈ എന്നും അജിത്ത് സാർ വേറെ ലെവലാണെന്നും പേളി സോഷ്യൽ മീഡിയയിൽ കുറിച്ചു.
മധുരയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥൻ ചെന്നൈ നഗരത്തിലെത്തുന്നത് അക്രമാസക്തരായ ഒരു ബൈക്ക് സംഘത്തെ പിടികൂടാനാണ്. സാത്താൻ്റെ അടിമകൾ എന്ന ഭീകര സംഘം മോഷണവും കൊലപാതകവും ഉൾപ്പെടെ കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ സൃഷ്ടിച്ച് നഗര ജീവിതത്തെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്. എന്തു ചെയ്യാനും മടിയില്ലാത്ത ഭീകര സംഘത്തെ അമർച്ച ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. പേളി മാണിയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
തമിഴ് സിനിമയുടെ ചരിത്രത്തിൽ തന്നെ പ്രേക്ഷകർ ഇത്രയേറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം വേറെയില്ലെന്ന് പറയാം. കൊവിഡ് പ്രതിസന്ധി നിമിത്തം ചിത്രീകരണം നീണ്ടുപോയപ്പോൾ വലിമൈ വിശേഷങ്ങൾ അറിയണം എന്ന ആവശ്യമുയർത്തി വലിമൈ അപ്ഡേറ്റ് എന്ന ഹാഷ് ടാഗോടെ സോഷ്യൽ മീഡിയാ ക്യാമ്പയ്ൻ നടന്നിരുന്നു.